മരട് ഫ്ളാറ്റ്; ചീഫ് സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി ഫ്ലാറ്റുടമകള്‍ 

കോടതിവിധി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഫ്ലാറ്റുകള്‍ സന്ദര്‍ശിച്ച ചീഫ് സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി ഫ്ലാറ്റുടമകള്‍ രംഗത്തെത്തി.

Update: 2019-09-09 13:25 GMT
Advertising

കോടതിവിധി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഫ്ലാറ്റുകള്‍ സന്ദര്‍ശിച്ച ചീഫ് സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി ഫ്ലാറ്റുടമകള്‍ രംഗത്തെത്തി. സുപ്രീംകോടതി ഉത്തരവ് പുനപരിശോധിക്ക ണമെന്നാവശ്യപ്പെട്ട് ഫ്ലാറ്റുടമകള്‍ വീണ്ടും റിട്ട് ഹരജി ഫയല്‍ ചെയ്തു.

കുണ്ടന്നൂരിലെ ഹോളിഫെയ്ത്ത് ഫ്ലാറ്റ് സമുച്ചയം സന്ദര്‍ശിക്കാനെത്തിയ ചീഫ് സെക്രട്ടറിയും കളക്ടറും ഫ്ലാറ്റുടമകളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. മുദ്രാവാക്യം വിളികളുമായി സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ രംഗത്തെത്തി. ഇതോടെ ഫ്ലാറ്റിലേക്ക് പ്രവേശിക്കാനാവാതെ ചീഫ് സെക്രട്ടറിക്ക് മടങ്ങിപ്പോകേണ്ടി വന്നു. ഫ്ലാറ്റുകള്‍ പൊളിച്ച് മാറ്റാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഫ്ലാറ്റുടമകള്‍.

ഫ്ലാറ്റുടമകളുടെ ഭാഗം കേള്‍ക്കാതെയാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതെന്നും ഉത്തരവ് പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ഫ്ലാറ്റുടമകള്‍ റിട്ട് ഫയല്‍ ചെയ്തിരിക്കുന്നത്. നേരത്തെ നല്‍കിയ പുനപരിശോധന ഹരജികളെല്ലാം സുപ്രീംകോടതി തള്ളിയിരുന്നു. നെട്ടൂരിലെ ആല്‍ഫ വെഞ്ചേഴ്സ്, ജയിന്‍ ഹൌസിങ്, കുണ്ടന്നൂരിലെ ഹോളി ഫെയ്ത്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ കഴിഞ്ഞ മാസം എട്ടിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

Tags:    

Similar News