എൻ.എസ്.എസിന്റെ ജാതി രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി

ഉപതെരഞ്ഞടുപ്പിന് തൊട്ട് മുൻപാണ് സമദൂരത്തിൽനിന്നും യുഡിഎഫ് അനുകൂല ശരിദൂരത്തിലേക്ക് എൻ.എസ്.എസ് നിലപാട് മാറ്റിയത്

Update: 2019-10-24 13:29 GMT
Advertising

എൻ.എസ്.എസിന്റെ ജാതി രാഷ്ട്രീയത്തിന് ഉപതെരഞ്ഞെടുപ്പിലേറ്റത് കനത്ത തിരിച്ചടി. നേതൃത്വത്തിനെതിരെ സംഘടനക്കുളളിലുളള ഭിന്നത വരുദിവസങ്ങളിൽ പുറത്ത് വന്നേക്കും. എൻ.എസ്.എസ് നിലപാട് തെരഞ്ഞെടുപ്പിൽ പിന്നോക്ക സമുദായ ധ്രുവീകരണത്തിനും ഇടയാക്കി.

ഉപതെരഞ്ഞടുപ്പിന് തൊട്ട് മുൻപാണ് സമദൂരത്തിൽനിന്നും യുഡിഎഫ് അനുകൂല ശരിദൂരത്തിലേക്ക് എൻ.എസ്.എസ് നിലപാട് മാറ്റിയത്. വട്ടിയൂർക്കാവിൽ യുഡിഎഫിന് വേണ്ടി പരസ്യമായി രംഗത്തിറങ്ങുകയും ചെയ്തു.എന്നാൽ ഫലം പുറത്ത് വന്നതോടെ മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ് സംഘടന നേതൃത്വം. നായർവോട്ടുകൾക്ക് നിർണ്ണായക സ്വാധീനമുളള വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിലെ ഫലം നേതൃത്വത്തിന്റെ ആഹ്വാനം സമുദായംഗങ്ങൾ തളളിക്കളഞ്ഞതിന്റെ സൂചന നൽകുന്നു. വിശ്വാസ വിഷയങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു എൻ.എസ്.എസ് എൽ.ഡി.എഫിനെതിരെ രംഗത്ത് വന്നത്. അതുകൊണ്ട് തന്നെ. ശബരിമല ഉൾപ്പെടുന്ന കോന്നിയിലെ എൽ.ഡി.എഫിന്റെ അട്ടിമറിവിജയം എൻ.എസ്.എസിന് ചെറുതല്ലാത്ത ആഘാതം ഏൽപ്പിക്കും.

കോന്നിയിൽ ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ച ഓർത്തഡോക്സ് സഭയ്ക്കും ഉപതെരഞ്ഞെടുപ്പിൽ കൈ പൊളളി. അതേ സമയം ജാതി സമവാക്യങ്ങൾ ചില മണ്ഡലങ്ങളിലെങ്കിലും തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചുവെന്നാണ് വിലയിരുത്തൽ. എൻ.എസ്.എസിനെതിരെയുളള ഈഴവ-പിന്നോക്കവിഭാഗങ്ങളുടെ ധ്രുവീകരണമാണ് ഇതിൽ പ്രധാനം വട്ടിയൂർക്കാവുൾപ്പടെയുളള മണ്ഡലങ്ങളിൽ ഇതിന്റെ നേട്ടം ലഭിച്ചതാകട്ടെ എൽഡിഎഫിനും.

Tags:    

Similar News