വഴിയാത്രക്കാരനെ ഇടിച്ചിട്ട് കടന്ന വാഹനത്തില്‍ നിന്നും ഒന്നരക്കോടി രൂപ കണ്ടെടുത്തു 

സംഭവത്തില്‍ മഹാരാഷ്ട്ര സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

Update: 2020-01-10 07:15 GMT
Advertising

നീലേശ്വരത്ത് വഴിയാത്രക്കാരനെ ഇടിച്ചിട്ട് കടന്ന വാഹനത്തില്‍ നിന്നും പൊലീസ് ഒന്നരക്കോടി രൂപ കണ്ടെടുത്തു. സംഭവത്തില്‍ മഹാരാഷ്ട്ര സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തില്‍ കാല്‍നട യാത്രക്കാരന്‍ മരിച്ചിരുന്നു.

ഇന്നലെ രാവിലെ നീലേശ്വരം കരുവാച്ചേരിയിലാണ് അമിത വേഗത്തിലെത്തിയ കാര്‍ വഴിയാത്രക്കാരനായ തമ്പാനെ ഇടിച്ച് വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോയത്. നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. നീലേശ്വരം പൊലീസ് വിവരം നല്‍കിയതനുസരിച്ച് വാഹനം കടന്ന് പോകാന്‍ സാധ്യതയുളള വഴികളില്‍ പോലീസ് പരിശോധന ശക്തമാക്കി.തുടര്‍ന്നാണ് ഇന്നലെ വൈകിട്ട് ആറരയോടെ വളപട്ടണം പാലത്തില്‍ വെച്ച് അപകടമുണ്ടാക്കിയ ഝാര്‍ഖണ്ഡ് രജിസ്ട്രേഷനിലുളള കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനിടെ സ്വര്‍ണക്കടത്തുമായി ബന്ധമുളള ഒരു സംഘം ഝാര്‍ഖണ്ഡ് രജിസ്ട്രേഷനിലുളള വാഹനത്തില്‍ കൊയിലാണ്ടി ഭാഗത്ത് വരുന്നതായി കണ്ണൂര്‍ എയര്‍പോര്‍ട്ട് കസ്റ്റംസ് കമ്മീഷണര്‍ക്ക് രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് വളപട്ടണത്ത് എത്തി കാറില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.

ഇന്ധനം നിറക്കുന്ന ടാങ്കില്‍ പ്രത്യേക അറയുണ്ടാക്കിയാണ് ഒരു കോടി 45 ലക്ഷം രൂപ സൂക്ഷിച്ചിരുന്നത്. കളളക്കടത്ത് സ്വര്‍ണം വില്‍പ്പന നടത്തി ലഭിച്ച പണമാണിതെന്നാണ് സൂചന. മഹാരാഷ്ട്ര സ്വദേശികളായ കിഷോര്‍ താന്‍ജി,സാഗര്‍ ബാലസോ കിലാര എന്നിവരെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Full View
Tags:    

Similar News