കൊളത്തൂർ മൗലവി എൻഡോവ്‌മെന്റ്: സമസ്തയിലെ അഭിപ്രായ ഭിന്നതകളുമായി ബന്ധമില്ലെന്ന് കെ.പി.എ മജീദ്

ഈ വർഷം മാർച്ചിൽ നൽകേണ്ടിയിരുന്ന എൻഡോവ്മെന്റ്, റമദാനും തെരഞ്ഞെടുപ്പുമൊക്കെ വന്നതിനാൽ ജൂണിലേക്ക് നീണ്ടുപോകുകയായിരുന്നുവെന്ന് ട്രസ്റ്റ് ചെയർമാൻ കൂടിയായ മജീദ് അറിയിച്ചു

Update: 2024-05-26 10:39 GMT
Editor : Shaheer | By : Web Desk

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി, കെ.പി.എ മജീദ്

Advertising

മലപ്പുറം: കൊളത്തൂർ മൗലവി എൻഡോവ്‌മെന്റ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിക്ക് സമ്മാനിക്കാൻ തീരുമാനിച്ചതിനു പിന്നിൽ സമസ്തയിലെ പ്രശ്‌നങ്ങളുമായി ബന്ധമില്ലെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.പി.എ മജീദ്. എൻഡോവ്‌മെന്റുമായി ബന്ധപ്പെട്ട് ചില കോണുകളിൽനിന്ന് ഉയരുന്ന വിവാദം അനാവശ്യവും അന്തരിച്ച കൊളത്തൂർ മൗലവിയോട് ചെയ്യുന്ന അനാദരവുമാണെന്നും അദ്ദേഹം പറഞ്ഞു. കൊളത്തൂർ മൗലവി എജ്യുക്കേഷനൽ ട്രസ്റ്റ് ചെയർമാൻ കൂടിയാണ് മജീദ്.

സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണു വിവാദങ്ങളിൽ അദ്ദേഹം പ്രതികരിച്ചത്. ഈ വർഷം മാർച്ചിൽ നൽകേണ്ടിയിരുന്ന എൻഡോവ്മെന്റ്, റമദാനും തെരഞ്ഞെടുപ്പുമൊക്കെ വന്നതിനാൽ ജൂണിലേക്ക് നീണ്ടുപോവുകയായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. സമസ്തയിലെ അഭിപ്രായ ഭിന്നതകളുമായി ഇതിന് ബന്ധമില്ല. ജീവിതത്തിൽ ഒരു വിവാദത്തിനും ഇടംനൽകാത്ത, എല്ലാ ജനവിഭാഗങ്ങളോടും സഹിഷ്ണുതയോടെ പെരുമാറിയിരുന്ന കൊളത്തൂർ മൗലവിയുടെ പേരിലുള്ള എൻഡോവ്‌മെന്റുമായി ബന്ധപ്പെട്ട അനാവശ്യ ചർച്ചകൾ അദ്ദേഹത്തോട് ചെയ്യുന്ന അനാദരവാണെന്നും കെ.പി.എ മജീദ് പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് മികച്ച സംഭാവനകൾ അർപ്പിക്കുന്ന വ്യക്തികൾക്കായാണ് ഓരോ വർഷവും കൊളത്തൂർ മൗലവി എജ്യുക്കേഷനൽ ട്രസ്റ്റ് എൻഡോവ്‌മെൻറ് നൽകിവരുന്നത്. മുൻ വർഷങ്ങളിൽ വയനാട് മുട്ടിൽ യത്തീംഖാന സ്ഥാപകൻ മുഹമ്മദ് ജമാൽ, കാപ്പാട് ഐനുൽ ഹുദാ യത്തീംഖാന സ്ഥാപകൻ പി.കെ.കെ ബാവ, മുണ്ടംപറമ്പ് യത്തീംഖാന സ്ഥാപകൻ എം.സി മുഹമ്മദ് ഹാജി എന്നിവർക്കാണു പുരസ്‌കാരം നൽകിയത്. ഇന്ത്യയിലെ മതവിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുകയും മതഭൗതിക വിദ്യാഭ്യാസ വിപ്ലവത്തിന് ചുക്കാൻ പിടിക്കുകയും ചെയ്യുന്ന മതപണ്ഡിതൻ എന്ന നിലയ്ക്കാണ് ദാറുൽ ഹുദാ ഇസ്‌ലാമിക സർവകലാശാല വൈസ് ചാൻസലർ കൂടിയായ ഡോ. ബഹാഉദ്ദീൻ നദ്‌വിയെ ഇത്തവണ എൻഡോവ്‌മെന്റിനു തിരഞ്ഞെടുത്തതെന്നാണ് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചത്.

ജൂൺ മൂന്നിന് ചെമ്മാട് താജ് ഓഡിറ്റോറിയത്തിൽ രാവിലെ പത്തിനു നടക്കുന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പുരസ്‌കാരം കൈമാറും. ചടങ്ങിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, എം.പി അബ്ദുസ്സമദ് സമദാനി, ഇ.ടി മുഹമ്മദ് ബഷീർ തുടങ്ങിയ നേതാക്കളും സംബന്ധിക്കും.

കെ.പി.എ മജീദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ദാറുൽ ഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വിക്ക് കൊളത്തൂർ മുഹമ്മദ് മൗലവി എൻഡോവ്മെന്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ചില കോണുകളിൽനിന്ന് ഉയരുന്ന വിവാദം അനാവശ്യമാണ്. വിദ്യാഭ്യാസ വിചക്ഷണനും മുസ്ലിം ലീഗ് നേതാവുമായിരുന്ന കൊളത്തൂർ മൗലവി മരണപ്പെട്ടതിനുശേഷം അദ്ദേഹത്തിന്റെ സ്മരണാർഥം രൂപീകരിച്ച കൊളത്തൂർ മൗലവി എജ്യുക്കേഷണൽ ട്രസ്റ്റാണ് എല്ലാ വർഷവും വിദ്യാഭ്യാസ മേഖലയിൽ സ്തുത്യർഹമായ സേവനം ചെയ്തുവരുന്നവർക്ക് എൻഡോവ്മെന്റ് നൽകുന്നത്.

ആദ്യ വർഷം വയനാട് മുട്ടിൽ യത്തീംഖാന സ്ഥാപകൻ മുഹമ്മദ് ജമാൽ സാഹിബിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് പുരസ്‌കാരം നൽകിയത്. രണ്ടാമത് കാപ്പാട് ഐനുൽ ഹുദാ യത്തീംഖാന സ്ഥാപകൻ പി.കെ.കെ ബാവ സാഹിബിനും മൂന്നാമത്തെ അവാർഡ് മുണ്ടംപറമ്പ് യത്തീംഖാന സ്ഥാപകൻ എം.സി മുഹമ്മദ് ഹാജിക്കുമായിരുന്നു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഇവ വിതരണം ചെയ്തത്.

Full View

ഈ വർഷം മാർച്ചിൽ നൽകേണ്ടിയിരുന്ന എൻഡോവ്മെന്റ്, റമദാനും തെരഞ്ഞെടുപ്പുമൊക്കെ വന്നതിനാൽ ജൂണിലേക്ക് നീണ്ടുപോവുകയായിരുന്നു. സമസ്തയിലെ അഭിപ്രായ ഭിന്നതകളുമായി ഇതിന് ബന്ധമില്ല. ജീവിതത്തിൽ ഒരു വിവാദത്തിനും ഇടംകൊടുക്കാത്ത, എല്ലാ ജനവിഭാഗങ്ങളോടും സഹിഷ്ണുതയോടെ പെരുമാറിയിരുന്ന മർഹൂം കൊളത്തൂർ മൗലവിയുടെ പേരിലുള്ള എൻഡോവ്‌മെന്റുമായി ബന്ധപ്പെട്ട അനാവശ്യ ചർച്ചകൾ അദ്ദേഹത്തോട് ചെയ്യുന്ന അനാദരവാണ്.

Summary: Muslim League leader KPA Majeed said that the decision to present Kolathur Maulavi Endowment to Dr Bahauddeen Muhammad Nadwi has nothing to do with the issues in Samastha.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News