ഉത്രകൊലക്കേസില്‍ വഴിത്തിരിവ്; സൂരജിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെടുത്തു

കൊല്ലപ്പെട്ട ഉത്രയുടെ സ്വർണാഭരണങ്ങൾ കണ്ടെടുത്തു. ഉത്രയുടെ ഭര്‍ത്താവ് സൂരജിന്റെ അടൂരിലെ വീടിന് പുറത്ത് നിന്നാണ് സ്വർണം കണ്ടെടുത്തത്.

Update: 2020-06-01 16:20 GMT
Advertising

കൊല്ലം അഞ്ചലില്‍ യുവതിയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായ വഴിത്തിരിവ്. കൊല്ലപ്പെട്ട ഉത്രയുടെ സ്വർണാഭരണങ്ങൾ കണ്ടെടുത്തു. ഉത്രയുടെ ഭര്‍ത്താവ് സൂരജിന്റെ അടൂരിലെ വീടിന് പുറത്ത് നിന്നാണ് സ്വർണം കണ്ടെടുത്തത്. സ്വർണാഭരണങ്ങൾ പലയിടങ്ങളിൽ കുഴിച്ചിട്ട നിലയിലായിരുന്നു. കൊലപാതകത്തിന് മുമ്പ് ലോക്കറിൽ നിന്നെടുത്ത സ്വർണമാണ് ഇന്ന് കണ്ടെടുത്തതെന്നാണ് സൂചന.

സൂരജിന്റെ അച്ഛൻ സുരേന്ദ്രനാണ് സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ചുകൊടുത്തത്. സൂരജിന്‍റെ അച്ഛനെ ഉടൻ അറസ്റ്റ് ചെയ്തേക്കും.

സൂരജിൻ്റെ പത്തനംതിട്ട അടൂർ പറക്കോട്ടെ വീട്ടിലെ തെളിവെടുപ്പ് മണിക്കു റോളം നീണ്ടു നിന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെളിവെടുപ്പിൽ ഫോറൻസിക് , റവന്യു സംഘവും ഉണ്ടായിരുന്നു. സൂരജും ഉത്രയും താമസിച്ചിരുന്ന കിടപ്പുമുറി, സ്റ്റെയർകെയ്സ് , വീടിൻ്റെ പരിസരം എന്നിവിടങ്ങളില്‍ ഫോറൻസിക് സംഘം പരിശോധന നടത്തിയിരുന്നു. റവന്യു വകുപ്പ് ജീവനക്കാർ വീടിന്റെ സ്കെച്ച് തയ്യാറാക്കി.

അടൂർ തഹസിൽദാർ അടക്കമുള്ളവരാണ് തെളിവ് ശേഖരണത്തിനിടെ വീടിൻ്റെ സ്കെച്ച് തയ്യാറാക്കി അന്വേഷണ സംഘത്തിന് കൈമാറിയത്.സൂരജിൻ്റെ അച്ഛൻ സുരേന്ദ്രൻ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരിൽ നിന്നും അന്വേഷണസംഘം വിശദാംശങ്ങൾ തേടിയിരുന്നു.

Tags:    

Similar News