പ്രളയ ഫണ്ട് തട്ടിപ്പ്: വിഷ്ണുപ്രസാദ് വീണ്ടും അറസ്റ്റില്‍

പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസിലും പ്രതിയാണ് വിഷ്ണുപ്രസാദ്.

Update: 2020-06-09 01:31 GMT
Advertising

എറണാകുളത്തെ പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് എഡിഎം നല്‍കിയ രണ്ടാമത്തെ കേസില്‍ പ്രതി വിഷ്ണുപ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസിലും പ്രതിയാണ് വിഷ്ണുപ്രസാദ്. കേസുമായി ബന്ധപ്പെട്ട് കലക്ടറേറ്റിലെ കൂടുതല്‍ ജീവനക്കാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്.

പ്രളയ ഫണ്ട് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസില്‍ ഒന്നാം പ്രതി വിഷ്ണു പ്രസാദിനെ ഇന്നലെ വൈകീട്ടോടെയാണ് അറസ്റ്റ് ചെയ്തത്. എഡിഎം ക്രൈം ബ്രാഞ്ചിന് നല്‍കിയ 75 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ് വിഷ്ണു പ്രസാദ് വീണ്ടും അറസ്റ്റിലാവുന്നത്. വിഷ്ണു പ്രസാദ് നൽകിയ വ്യാജ രസീതുകളിൽ ഒപ്പു വെച്ചത് ജൂനിയർ സൂപ്രണ്ട് അടക്കമുള്ളവരാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പണം തട്ടാൻ വേണ്ടി ഉണ്ടാക്കിയ 287 വ്യാജ രസീതുകളും അന്വേഷണസംഘം കണ്ടെടുത്തു.

ഓഫിസിനകത്തു നിന്നുള്ള സഹായമില്ലാതെ തട്ടിപ്പ് നടത്താൻ കഴിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ദുരിതാശ്വാസ നിധിയിലേക്ക് കളക്ട്രേറ്റ് വഴി സംഭാവനയായി ലഭിച്ച തുകയുടെ വിവരങ്ങളുള്ള ഫയലുകളും അപ്രത്യക്ഷമായിട്ടുണ്ട്. വലിയ തിരിമറി ബോധ്യപ്പെട്ട സാഹചര്യത്തില്‍ ആഭ്യന്തര പരിശോധനക്ക് ഉത്തരവിട്ട ജില്ലാ കലക്ടര്‍ 11 ജീവനക്കാര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇവരുടെ വിശദീകരണം ലഭിച്ചാല്‍‌ കലക്ടര്‍ സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Tags:    

Similar News