'കെയർ സെന്ററിൽ ഒറ്റപ്പെടുത്തൽ, രോഗ ലക്ഷണമില്ലാത്ത കോവിഡ് രോഗികള്‍ക്ക് റൂം ക്വാറന്റൈന്‍ സൗകര്യപ്രദം'; തിരുവനന്തപുരം കോർപറേഷന്‍ കൗൺസിലർ

'കോവിഡ് ടെസ്റ്റ് പോസിറ്റീവായതോടെ നേരിടേണ്ടി വന്നത് ക്രൂര കൃത്യത്തിന് കോടതി ശിക്ഷിച്ച പ്രതിയുടെ അവസ്ഥ'

Update: 2020-07-26 16:45 GMT

രോഗലക്ഷണമില്ലാത്ത കോവിഡ് പോസിറ്റീവ് രോഗികള്‍ക്ക് വീട്ടിൽ റൂം ക്വാറന്റൈന്‍ ആണ് ഏറ്റവും സൗകര്യപ്രദമെന്ന് തിരുവനന്തപുരം കോർപറേഷന്‍ കൗൺസിലർ. തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച കോർപറേഷൻ കൗൺസിലർ വഞ്ചിയൂർ ബാബു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കോവിഡ് രോഗികള്‍ക്ക് സൗകര്യപ്രദമായ പുതിയ നിര്‍ദ്ദേശം പങ്കുവെച്ചത്. കോവിഡ് പോസിറ്റീവ് ആയവര്‍ക്ക് വലിയ തുക ഖജനാവില്‍ നിന്നും ചെലവഴിക്കേണ്ടി വരുന്നെന്നും രോഗം ബാധിക്കുന്നതോടെ വീട്ടുക്കാരും ക്വാറന്‍റൈനിലാകുന്നതോടെ രോഗ ലക്ഷണമില്ലാത്ത രോഗിയെ വീട്ടിലെ ഒരു മുറിയില്‍ ചികിത്സിച്ചു കൂടെയെന്നുമാണ് വഞ്ചിയൂര്‍ ബാബു ചോദിക്കുന്നത്. കോവിഡ് ടെസ്റ്റ് പോസിറ്റീവായതോടെ നേരിടേണ്ടി വന്നത് ക്രൂര കൃത്യത്തിന് കോടതി ശിക്ഷിച്ച പ്രതിയുടെ അവസ്ഥയാണെന്നും ഒറ്റപ്പെടുത്തൽ മാനസിക സംഘർഷം ഉണ്ടാക്കുമെന്നും അസ്വസ്ഥത ഇല്ലാത്തവർ അസ്വസ്ഥരാവുകയും രോഗം മൂർച്ഛിക്കുമെന്നും വഞ്ചിയൂർ ബാബു പറയുന്നു.

Advertising
Advertising

വഞ്ചിയൂർ ബാബുവിൻ്റെ ഫേസ്ബുക്ക് കുറിപ്പ്

ഞാൻ കൊറോണ ടെസ്റ്റ് പോസിറ്റീവ് ആയി കെയർ സെന്ററിൽ നാലു ദിവസമായി കഴിയുകയാണ്. എനിക്ക് ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല. ഇപ്പോഴും ഒരുതരത്തിലുള്ള അസ്വസ്ഥതയും ഇല്ല. എന്റെ കൂടെയുള്ള ആറു കൗൺസിലർമാരുടെയും സ്ഥിതി ഇതുതന്നെയാണ്.

ലക്ഷണങ്ങളോ അസ്വസ്ഥതയോ ഇല്ലാതിരിക്കെ, ടെസ്റ്റ്‌ പോസിറ്റീവ് ആകുന്ന എല്ലാവരെയും ഇതുപോലെ പ്രത്യേകം സെന്ററുകളിൽ മാറ്റി പാർപ്പിക്കേണ്ടതില്ല എന്ന് തോന്നുന്നുണ്ട്. ഇത്തരക്കാരെ, അവരവരുടെ വീടുകളിൽ സൗകര്യമുണ്ടെങ്കിൽ റൂം ക്വാറന്‍റൈനില്‍ നിർത്തിയാൽ മതിയാകും. ഒരാൾ പോസിറ്റീവ് ആകുന്നതോടെ അയാളുടെ വീട്ടുകാർ ക്വാറന്‍റൈനില്‍ കഴിയണമല്ലോ. അവിടെത്തന്നെ ഒരു റൂമിൽ പോസിറ്റീവ് ആയ ആളും കഴിഞ്ഞാൽ മതിയാകും.

ഒരു കുഴപ്പവും ഇല്ലാത്തവരും വീടുകളിൽ സൗകര്യമുള്ളവരും ആയ പോസിറ്റീവ് കേസുകൾക്ക് വേണ്ടി പൊതു ഖജനാവിൽ നിന്നും വലിയ തുക ചെലവഴിക്കേണ്ടി വരുന്നു. പോസിറ്റീവ് ആയവർ വീടുകളിൽ ആയിരിക്കവേ അസ്വസ്ഥത പ്രകടിപ്പിച്ചാൽ അവരെ ആംബുലൻസ് ഉപയോഗിച്ച് ഹോസ്പിറ്റലൈസ് ചെയ്യിക്കാം. സർക്കാർ ഇത്തരത്തിൽ ചിന്തിക്കണം എന്ന് താത്പര്യപ്പെടുന്നു.

എനിക്ക് ടെസ്റ്റ്‌ പോസിറ്റീവ് ആണെന്ന് അറിഞ്ഞതോടെ നേരിടേണ്ടിവന്നത് ഏതോ ക്രൂര കൃത്യത്തിന് കോടതി ശിക്ഷിച്ച പ്രതിയുടെ അവസ്ഥയാണ്. ഒറ്റപ്പെടുത്തൽ മാനസിക സംഘർഷം ഉണ്ടാക്കും. അസ്വസ്ഥത ഇല്ലാത്തവർ അസ്വസ്ഥരാവും. രോഗം മൂർച്ഛിക്കും. ഇത് പൊതുസമൂഹം മനസിലാക്കുകയും വേണം. രോഗികളെ ഒറ്റപ്പെടുത്തരുത്. അത് എല്ലാവർക്കും ഉൾക്കൊള്ളാൻ ആവില്ല. ആളുകളെ ഭയപ്പെടുത്താതിരുന്നാൽ രോഗം മൂർച്ഛിക്കില്ല. ജാഗ്രത മാത്രം മതി.

Full View
Tags:    

Similar News