സ്പീക്കർക്ക് വിദേശത്ത് നിക്ഷേപമെന്ന് സ്വപ്ന, കോണ്‍സുല്‍ ജനറലിന് പണം നല്‍കിയെന്ന് സരിത്ത്: മൊഴി പുറത്ത്

സ്പീക്കര്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

Update: 2021-03-23 10:40 GMT
Advertising

സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തും സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ നൽകിയ മൊഴി പുറത്ത്. കോൺസുൽ ജനറലിന് പണം കൈമാറിയെന്നാണ് സരിത്തിന്റെ മൊഴി. ഷാർജയിലെ മിഡിൽ ഈസ്റ്റ് കോളജ് പദ്ധതിക്ക് പിന്നിൽ സ്പീക്കറും ശിവശങ്കറുമാണെന്നാണ് സ്വപ്നയുടെ മൊഴി. സർക്കാരിനെതിരെ ഇ.ഡി ഹൈക്കോടതിയെ സമീപിച്ചു.

ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്നും എഫ്ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചത്. ഇ.ഡിയുടെ ഹരജിയോടൊപ്പമാണ് പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും മൊഴികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

തിരുവനന്തപുരം വിമാനത്താവള പരിസരത്തെ ഫ്ലാറ്റിൽ വെച്ച് സ്പീക്കൾ പണമടങ്ങിയ ബാഗ് കൈമാറിയെന്നാണ് സരിത്തിന്റെ മൊഴി. പണം കോൺസുലേറ്റ് ജനറലിന് കൈമാറമെന്നായിരുന്നു നി‍ർദേശം. ലോക കേരള സഭയുടെ എംബ്ലമുളള ബാഗിലായിരുന്നു പണം കൈമാറിയത്. അതിന്‍റെ പുറത്ത് എസ്ആര്‍കെ എന്ന കോഡും രേഖപ്പെടുത്തിയിരുന്നു. കോൺസൽ ജനറലിനുളള തന്‍റെ സമ്മാനമെന്നാണ് ശ്രീരാമകൃഷ്ണൻ പറഞ്ഞത്. ഈ ബാഗുമായി തങ്ങൾ കോൺസലേറ്റ് ജനറലിനെ കണ്ടു. അവിടെയെത്തി തുറന്നപ്പോഴാണ് ബണ്ടിലാക്കിയ നോട്ടുകൾ കണ്ടത്. 10 കെട്ട് നോട്ട് ഉണ്ടായിരുന്നുവെന്നാണ് അറിഞ്ഞത്. പണം കൈമാറിയ ശേഷം കാലിയായ ബാഗ് താൻ കൊണ്ടുപോയി. ഇത് പിന്നീട് കസ്റ്റംസ് തന്‍റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തുവെന്നും സരിത്തിന്‍റെ മൊഴിയില്‍ പറയുന്നു.

ഷാർജയിലെ മിഡിൽ ഈസ്റ്റ് കോളജ് പദ്ധതിക്ക് പിന്നിൽ സ്പീക്കറും ശിവശങ്കറും അടങ്ങുന്ന സംഘമാണെന്നാണ് സ്വപ്നയുടെ മൊഴി. ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ ബ്രാഞ്ചുകൾ തുടങ്ങാൻ സ്പീക്കർ പദ്ധതിയിട്ടു. മിഡിൽ ഈസ്റ്റ് കോളജിൽ നിക്ഷേപമുണ്ടെന്ന് സ്പീക്കർ പറഞ്ഞു. ഭൂമിയുടെ ആവശ്യത്തിനായാണ് യുഎഇയിലേക്ക് നിരന്തരം യാത്ര നടത്തിയതെന്ന് സ്പീക്കർ പറഞ്ഞു. ഷാർജയിൽ വിദ്യാഭ്യാസ സ്ഥാപനത്തിനായി ഭൂമി ലഭ്യമാക്കാൻ സ്പീക്കർ ശ്രമം നടത്തിയെന്നുമാണ് സ്വപ്നയുടെ മൊഴി.

സ്വപ്നയും സരിത്തും എന്‍ഫോഴ്സ്മെന്‍റിന് നല്‍കിയ മൊഴിയാണ് പുറത്തുവന്നത്. ക്രൈംബ്രാഞ്ചിനെതിരെ ഇ.ഡി കോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് മൊഴിയുടെ വിവരങ്ങളുള്ളത്. പൊലീസ് ഇ.ഡിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചത്.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News