ബിജെപി പ്രവര്‍ത്തകന്‍ ജന്മഭൂമി ഫോട്ടോഗ്രാഫറുടെ മുഖത്തടിച്ചു; സംഭവം സ്മൃതി ഇറാനിയുടെ റോഡ് ഷോക്കിടെ

പ്രകടനത്തിലുള്ള ചിലർ ജന്മഭൂമി ഫോട്ടോഗ്രാഫർ ആണെന്നും ആക്രമിക്കരുതെന്നും വിളിച്ച്​ പറയുന്നുണ്ടായിരുന്നു..

Update: 2021-03-28 15:58 GMT

സ്മൃതി ഇറാനിയുടെ കോഴിക്കോട്ടെ റോഡ് ഷോ റിപ്പോർട്ട് ചെയ്യാനെത്തിയ ഫോട്ടോഗ്രാഫർക്ക് മർദനം. ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയുടെ ഫോട്ടോഗ്രാഫർ ദിനേശ് കുമാറിനെയാണ്​ പ്രകടനത്തിലുണ്ടായിരുന്ന പ്രവർത്തകൻ മുഖത്തടിച്ച് പരിക്കേൽപ്പിച്ചത്. കണ്ണട തകർന്ന് മുഖത്ത് പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു.

സ്മൃതി ഇറാനി തുറന്ന വാഹനത്തിലായിരുന്നു റോഡ് ഷോ നടത്താൻ തീരുമാനിച്ചത്. ഇതുപ്രകാരം വാഹനത്തിൽ കയറിനിന്ന ഇവർ അൽപം കഴിഞ്ഞ്​ തനിക്ക് യാത്ര ചെയ്യാൻ സ്കൂട്ടർ ലഭിക്കുമോയെന്ന് ആരാഞ്ഞു. തുടർന്ന് സ്കൂട്ടർ എത്തിച്ചു. സ്കൂട്ടറിൽ യാത്ര തുടർന്നതോടെ വാഹനത്തിന് മുന്നിൽ ഫോട്ടോഗ്രാഫർമാരും ഓടാൻ തുടങ്ങി. കക്കോടി പൊക്കിരാത്ത് ബിൽഡിങ്ങിന്​ മുന്നിലെത്തിയതോടെ പ്രകടനത്തിലുള്ളയാൾ ദിനേശനോട് തട്ടിക്കയറുകയും മുഖത്ത് അടിക്കുകയും ചെയ്യുകയായിരുന്നു. ഇതേതുടർന്ന് മറ്റുള്ളവരും അടിക്കാൻ ശ്രമിക്കുന്നതിനിടെ മാധ്യമ പ്രവർത്തകർ തടയുകയായിരുന്നു.

Advertising
Advertising

പ്രകടനത്തിലുള്ള ചിലർ ജന്മഭൂമി ഫോട്ടോഗ്രാഫർ ആണെന്നും ആക്രമിക്കരുതെന്നും വിളിച്ച്​ പറയുന്നുണ്ടായിരുന്നു. ദിനേശ് കുമാറിനെ കോംട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ആശുപത്രിയിലെത്തിയ സ്മൃതി ഇറാനി സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ആക്രമണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ തയ്യാറാകണമെന്ന് ആശുപത്രിയിൽ ദിനേശ് കുമാറിനെ സന്ദർശിക്കാനെത്തിയ സ്മൃതി ഇറാനിയോട് പത്രപ്രവര്‍ത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് എം. ഫിറോസ് ഖാനും സെക്രട്ടറി പി.എസ്. രാകേഷും ആവശ്യപ്പെട്ടു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News