'മൻസൂറിനെ സി.പി.എം കൊലയാളിക്കൂട്ടം വെട്ടിക്കൊന്നു' പാനൂർ കൊലപാതത്തിൽ കെ.കെ രമ

"എത്രയെത്ര പേരുടെ ജീവിതപ്രതീക്ഷകളേയും സ്നേഹാഹ്ലാദങ്ങളേയുമാണ് ഈ ക്രിമിനൽ കൂട്ടങ്ങൾ ചോരയിൽ കുളിപ്പിച്ച് കിടത്തുന്നത്!!"

Update: 2021-04-07 16:25 GMT
Advertising

മുസ്‌‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് ആർ.എം.പി നേതാവ് കെ.കെ രമ. മരണം വരെ ഹൃദയം പിളർന്ന വേദനയുമായി കണ്ണീരിലുരുകി ജീവിക്കേണ്ടി വരുന്ന അമ്മയുമ്മമാരോട് ഈ നാടിൻറെ ജനാധിപത്യ രാഷ്ട്രീയത്തിന് എന്ത് മറുപടിയാണ് പറയാനുള്ളതെന്നും അവർ ഫേസ്‌ബുക്ക് കുറിപ്പിൽ ചോദിച്ചു

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

നമ്മുടെ ജനാധിപത്യത്തിൻറെ മുഖത്ത് വീണ്ടും കുരുതിച്ചോര വീണിരിക്കുന്നു., പാനൂർ പുല്ലൂക്കരയിലെ യൂത്ത് ലീഗ് പ്രവർത്തകൻ 22 വയസ്സുകാരനായ മൻസൂറിനെയാണ് സിപിഎം കൊലയാളിക്കൂട്ടം ഇന്നലെ തെരഞ്ഞെടുപ്പിൻറെ രാവിൽ പതിയിരുന്ന് ആക്രമിച്ച് ബോംബെറിഞ്ഞ് വെട്ടിക്കൊന്നുകളഞ്ഞത്. ഇനിയൊരു ചോരക്കുരുതി നമ്മുടെ രാഷ്ട്രീയ മണ്ഡലത്തിൽ അരുതെന്ന് എത്രയോ കാലമായി നെഞ്ചുകീറി വിലപിച്ചുകൊണ്ടിരിക്കുന്ന കേരളത്തിൻറെ ഹൃദയത്തിലേക്ക് എത്ര ക്രൂരവും ഭീകരവുമായാണ് തെല്ലും കയ്യറപ്പില്ലാതെ നമ്മുടെ കൊലവാൾ രാഷ്ട്രീയം പിന്നെയും പിന്നെയും കത്തിയാഴ്ത്തിക്കൊണ്ടിരിക്കുന്നത്!! എത്രയെത്ര പേരുടെ ജീവിതപ്രതീക്ഷകളേയും സ്നേഹാഹ്ലാദങ്ങളേയുമാണ് ഈ ക്രിമിനൽ കൂട്ടങ്ങൾ ചോരയിൽ കുളിപ്പിച്ച് കിടത്തുന്നത്!! മരണം വരെ ഹൃദയം പിളർന്ന വേദനയുമായി കണ്ണീരിലുരുകി ജീവിക്കേണ്ടി വരുന്ന ആ അമ്മയുമ്മമാരോട് ഈ നാടിൻറെ ജനാധിപത്യ രാഷ്ട്രീയത്തിന് എന്ത് മറുപടിയാണ് പറയാനുള്ളത്?!! തങ്ങൾക്ക് ഇഷ്ടമുള്ള രാഷ്ട്രീയം പറയാനും പ്രവർത്തിക്കാനുമെല്ലാമുള്ള പരിമിതമായ ജനാധിപത്യ സ്വാതന്ത്ര്യം പോലും കൊലവാളുകളാൽ വെട്ടിയരിഞ്ഞുതള്ളുന്ന ഈ പൈശാചിക കുലപ്രഭു രാഷ്ട്രീയത്തിന് അന്ത്യം കുറിക്കാതെ ഒരു മാനവിക ജനാധിപത്യ സമൂഹമെന്ന നിലയിൽ തീർച്ചയായും നമുക്ക് ഒരടി മുന്നോട്ടുനീങ്ങാനാവില്ല. കൊലയാളിനേതൃത്വങ്ങളെ പിടികൂടി തുറുങ്കിലടയ്ക്കാതെ ഈ ചോരക്കളിക്ക് അറുതിയുണ്ടാവില്ലെന്ന് എത്രയോ കാലമായി നാം പറഞ്ഞു കൊണ്ടേയിരിക്കുന്നു. ഗൂഢാലോചകരുടെ കൈകളിൽ വിലങ്ങുവീഴാതെ തീർച്ചയായും നമ്മുടെ രാഷ്ട്രീയത്തെ വാൾവാഴ്ച്ചകളിൽ നിന്ന് നമുക്ക് ഒരിക്കലും മോചിപ്പിക്കാനാവില്ല. കൊലയാളിക്കൂട്ടങ്ങളെ ചെല്ലും ചെലവും നൽകിപ്പോറ്റി വളർത്തി സംരക്ഷിക്കുന്ന രക്തദാഹി രാഷ്ട്രീയ നേതൃത്വങ്ങൾക്കെതിരെ വലിയ ജനകീയ പ്രതികരണമുയർത്താൻ നാമോരോരുത്തരും രംഗത്തുവന്നേ തീരൂ. മൻസൂറിൻറെ കൊലപാതകത്തിൽ കടുത്ത പ്രതിഷേധം., രോഷം., വേദന...

Full View
Tags:    

Similar News