പാനൂർ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് അന്വേഷിക്കുക

Update: 2021-04-08 00:59 GMT
Advertising

പാനൂര്‍ മന്‍സൂര്‍ കൊലക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് അന്വേഷിക്കുക. 11 പ്രതികളെയും തിരിച്ചറിഞ്ഞു. ഇവര്‍ ഒളിവിലാണ്. ഇതിൽ 7 പേരും പ്രദേശവാസികളാണ്.

പാനൂര്‍ കൊലപാതകത്തില്‍ അക്രമി സംഘം ലക്ഷ്യമിട്ടത് കൊല്ലപ്പെട്ട മൻസൂറിന്‍റെ സഹോദരന്‍ മുഹ്സിനെയെന്ന് അറസ്റ്റിലായ പ്രതി മൊഴി നല്‍കി. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല അക്രമം നടത്തിയതെന്നാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിനോസിന്‍റെ മൊഴി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിലെ 149ആം നമ്പര്‍ ബൂത്തിലെ യുഡിഎഫ് ഏജന്‍റും പ്രാദേശിക ലീഗ് നേതാവുമായ മുഹ്സിനെ ലക്ഷ്യമിട്ടാണ് അക്രമി സംഘം എത്തിയതെന്നാണ് ഷിനോസ് പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ അപ്രതീക്ഷിതമായാണ് മുഹ്സിന്‍റെ സഹോദരന്‍ മന്‍സൂര്‍ സംഭവ സ്ഥലത്തേക്ക് എത്തിയത്. ബോംബ് എറിഞ്ഞ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു അക്രമി സംഘത്തിന്റെ ലക്ഷ്യം. പ്രാദേശിക സിപിഎം നേതാക്കളുടെ അറിവോടെയാണ് അക്രമത്തിന് പദ്ധതിയിട്ടതെന്നും ഷിനോസ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

ഇതിനിടെ മന്‍സൂറിന്‍റെ സംസ്കാര ചടങ്ങുകള്‍ക്ക് പിന്നാലെ പ്രദേശത്ത് വ്യാപക അക്രമ സംഭവങ്ങള്‍ അരങ്ങേറി. പെരിങ്ങത്തൂരില്‍ സിപിഎം ബ്രാഞ്ച്, ലോക്കല്‍ കമ്മറ്റി ഓഫീസുകള്‍ക്ക് ഒരു സംഘം തീയിട്ടു. നിരവധി കടകള്‍ക്കും വീടുകള്‍ക്കും നേരെ അക്രമം നടന്നിട്ടുണ്ട്. പ്രദേശത്ത് അക്രമ സംഭവങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ സുരക്ഷ ശക്തമാക്കിയതായി സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.

Full View
Tags:    

Similar News