പാനൂർ കൊലപാതകം: ഷിനോസിന്റെ അറസ്റ്റു രേഖപ്പെടുത്തിയത് ഏറെ വൈകി, മറ്റു പ്രതികൾ കാണാമറയത്ത്

കൊലപാതകം നടന്ന സ്ഥലത്തു നിന്ന് കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്‌സിനാണ് ഷനോസിനെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചത്.

Update: 2021-04-08 05:06 GMT
Advertising

കണ്ണൂർ: പാനൂരിൽ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളുടെ അറസ്റ്റു വൈകുന്നതായി ആരോപണം. ഡിവൈഎഫ്‌ഐ പ്രവർത്തകനായ ഷിനോസ് മാത്രമാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. കൊലപാതകം നടന്ന സ്ഥലത്തു നിന്ന് കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്‌സിനാണ് ഷനോസിനെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചത്. ഒരു പകലും രണ്ടു രാത്രിയും നീണ്ടിട്ടും ഷനോസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ഇത് വലിയ തോതിൽ ലീഗ് കേന്ദ്രങ്ങളിൽ അമർഷമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ഷിനോസിന്റെ അറസ്റ്റു രേഖപ്പെടുത്തിയത്. മറ്റു പ്രതികളെ കണ്ടെത്താനും പൊലീസിനായിട്ടില്ല.

ഷിനോസിനെ പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ 11 പേരുടെ പ്രതിപ്പട്ടിക പൊലീസ് തയ്യാറായിക്കിയിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജിതമാണ്. കൺമുമ്പിലുണ്ടായിട്ടും പ്രതികളെ അറസ്റ്റു ചെയ്യാൻ പൊലീസ് തയ്യാറാകുന്നില്ല എന്ന ആരോപണവും ശക്തമാണ്. പ്രദേശവാസികൾ പറയുന്നത് പ്രകാരം ഇരുപതോളം ആളുകളാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. രണ്ട് ഘട്ടമായി ആയിരുന്നു ആക്രമണം.

ലീഗിന്റെ പ്രാദേശിക നേതാവായ മുഹ്‌സിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. എന്നാൽ സംഘർഷ സ്ഥലത്തേക്ക് അവിചാരിതമായി കടന്നു വന്ന മൻസൂർ ഇരയാകുകയായിരുന്നു. കൊല്ലാനല്ല എത്തിയത് എന്നാണ് ഷിനോസിന്റെ മൊഴി. അത് പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. കൊല്ലാനല്ല എങ്കിൽ വടിവാളും ബോംബും എന്തിനാണ് കൈവശം വച്ചത് എന്ന ചോദ്യമാണ് ഉയരുന്നത്. സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമമെന്നും പൊലീസ് കരുതുന്നു.

അതിനിടെ, മൻസൂറിനെ ഖബറടക്കിയ ശേഷം പ്രദേശത്ത് സിപിഎം സ്ഥാപനങ്ങൾക്ക് വ്യാപക അക്രമങ്ങൾ ഉണ്ടായി. കൊലപാതകത്തിന്റെ പേരിൽ ആസൂത്രിതമായ കലാപമാണ് ലീഗിന്റെ ക്രിമിനലുകൾ നടത്തിയത് എന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചു. എട്ട് ഓഫീസുകളും കടകളും സ്റ്റുഡിയോകളും വീടുകളും തകർത്തിട്ടുണ്ട്. ലീഗിന്റെ നേതൃത്വം കുറ്റകരമായ മൗനത്തിലായിരുന്നു. അക്രമത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. സാധാരണ ജനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും രക്ഷയില്ല- ഗോവിന്ദൻ കുറ്റപ്പെടുത്തി.

കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഇന്ന് കലക്ടർ സർവകക്ഷി സമാധാന യോഗം വിളിച്ചിട്ടുണ്ട്. മുസ്‌ലിംലീഗ് അടക്കം എല്ലാ കക്ഷികളും യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.

Tags:    

Similar News