മൻസൂർ വധക്കേസിൽ പ്രതികൾക്കായി തെരച്ചിൽ ഊർജിതം

പാനൂരിൽ എൽഡിഎഫ് സമാധാന സന്ദേശ യാത്ര സംഘടിപ്പിച്ചു. പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് കണ്ണൂരിൽ പ്രതിഷേധ സംഗമം നടത്തി.

Update: 2021-04-12 12:59 GMT

മൻസൂർ വധക്കേസിൽ പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി അന്വേഷണ സംഘം. ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ ഇന്ന് കേസിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തി. പാനൂരിൽ എൽഡിഎഫ് സമാധാന സന്ദേശ യാത്ര സംഘടിപ്പിച്ചു. പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് കണ്ണൂരിൽ പ്രതിഷേധ സംഗമം നടത്തി.

ക്രൈംബ്രാഞ്ച് ഐജി സ്പർജൻ കുമാർ, ഡിവൈഎസ്പി പി വിക്രം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ പേരിൽ നിന്നും മൊഴി രേഖപ്പെടുത്തിയത്. സംഭവത്തിന്റെ ദൃക്സാക്ഷികളായ അയൽവാസികൾ, പ്രാദേശിക ലീഗ് പ്രവർത്തകർ എന്നിവരുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തിയത്. സംഭവ സ്ഥലത്ത് നിന്നും ലഭിച്ച പ്രതി ശ്രീരാഗിന്റെ വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും.

Advertising
Advertising

കേസ് ആദ്യം അന്വേഷിച്ച സംഘം ശേഖരിച്ച വിവരങ്ങളും പുതിയ അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. ആദ്യ പ്രതിപ്പട്ടികയിലുള്ള ഏഴ് പേര്‍ കൂടി ഇനി പിടിയിലാകാനുണ്ട്. ഇവർ കണ്ണൂർ, കോഴിക്കോട് ജില്ലാ അതിർത്തിയിലെ പാർട്ടി സ്വാധീന മേഖലകളിൽ ഒളിവിൽ കഴിയുകയാണെന്നാണ് വിവരം. ഇതേ തുടർന്ന് പ്രദേശത്ത് പൊലീസ് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. ഇതിനിടെ കേസിൽ മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം പരിപാടി ഉദ്ഘാടനം ചെയ്തു.

അതേസമയം കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ പ്രദേശങ്ങളിൽ ഇടത് മുന്നണിയുടെ നേതൃത്വത്തിൽ സമാധാന സന്ദേശ യാത്ര നടത്തി. കടവത്തൂരിൽ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പരിപാടി ഉദ്ഘാടനം ചെയ്തു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News