ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 32കാരന് ഇരട്ട ജീവപര്യന്തം

2021 ആഗസ്റ്റ്‌ നാലിന് പെൺകുട്ടിയെ വീടിന് പരിസരത്തുള്ള തേയിലത്തോട്ടത്തിലേക്ക് വലിച്ചിച്ചിഴച്ചു കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

Update: 2025-05-03 12:46 GMT

ഇടുക്കി: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് ഇരട്ട ജീവപര്യന്തവും 3,11,000 രൂപ പിഴയും ശിക്ഷ. ഇടുക്കി വട്ടവട കോവിലൂരിൽ കുരുവി എന്ന് വിളിക്കുന്ന അന്തോണിയെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ലൈജുമോൾ ഷെരീഫ് ശിക്ഷിച്ചത്. 2021 ആഗസ്റ്റ്‌ നാലിന് പെൺകുട്ടിയെ വീടിന് പരിസരത്തുള്ള തേയിലത്തോട്ടത്തിലേക്ക് വലിച്ചിച്ചിഴച്ചു കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

മാനസിക വളർച്ചയില്ലാതിരുന്ന കുട്ടി പീഡനത്തിൽ നിന്നും രക്ഷപെടാൻ ഒച്ചവച്ചതോടെ പ്രതി മുഖത്ത് കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു. 29 സാക്ഷികളെയും 35 പ്രമാണങ്ങളും പ്രോസിക്യൂഷൻ കോടതി മുൻപാകെ ഹാജരാക്കി. സംസാര വൈകല്യമുള്ള കുട്ടിയുടെ ആംഗ്യഭാഷയിലുള്ള മൊഴി വീഡിയോയിൽ പകർത്തി പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. കൂടാതെ കോടതിയിലെ വിചാരണ നടപടികളും വീഡിയോയിൽ പകർത്തി.

Advertising
Advertising

പ്രതി വിവിധ വകുപ്പുകളിൽ രണ്ട് ജീവപര്യന്തം അനുഭവിക്കണമെന്നും മരണം വരെ ജയിലിൽ കഴിയണമെന്നും കോടതി പ്രത്യേകം വ്യക്തമാക്കി. മാനസിക വളർച്ച കുറഞ്ഞ 15 വയസിൽ താഴെ മാത്രം പ്രായമുള്ള കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു.

പിഴ പെൺകുട്ടിക്ക് നൽകണമെന്നും കോടി ഉത്തരവിട്ടു. പിഴ ഒടുക്കാത്തപക്ഷം പ്രതി അധിക ശിക്ഷ അനുഭവിക്കണം. കൂടാതെ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവിസ് അതോറിറ്റിയോടും കോടതി ശുപാർശ ചെയ്തു. 2021ൽ ദേവികുളം പൊലീസ് രജിസ്റ്റർ ചെയ്ത് അന്തിമ റിപ്പോർട്ട്‌ ഫയൽ ചെയ്ത കേസിൽ പ്രോസീക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയിൽ കോടതിയിൽ ഹാജരായി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News