'56 ഇഞ്ചുകാരൻ്റെ പൊലീസിനും പട്ടാളത്തിനും മുന്നില്‍ ഒരിഞ്ച് പിന്മാറരുത്'; സമരമുഖത്തുള്ള മകള്‍ക്ക് അമ്മയുടെ കുറിപ്പ്
ജന്തർ മന്തർ 2.0 പ്രക്ഷോഭത്തിൻ്റെ ഭാഗമായി മകള്‍ ഹൈഫയെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു
രാജ്യതലസ്ഥാനം പ്രക്ഷോഭച്ചൂടില്‍ എരിയുമ്പോള്‍, പൊലീസിനും പട്ടാളത്തിനും മുന്നില്‍ പതറാതെ മുന്നോട്ട് കുതിക്കൂവെന്ന് സമരമുഖത്തുള്ള മകള്‍ക്ക് അമ്മയുടെ കുറിപ്പ്. ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിയും ഫ്രറ്റേണിറ്റി പ്രവര്‍ത്തകയുമായ ഹൈഫക്ക് മാതാവ് പി.ടി.പി സാജിത എഴുതിയതാണ് കുറിപ്പ്. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റാണ് പി.ടി.പി സാജിത. ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി ഹൈഫയെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
'56 ഇഞ്ചുകാരന്റെ പൊലീസിന്റേയും പട്ടാളത്തിന്റേയും മുന്നില്‍ ഒരിഞ്ച് പിന്‍മാറാതെ മുന്നോട്ട് കുതിക്കണം. അധികാരത്തിന്റെ ദണ്ഡ് ഉപയോഗിച്ച് ജനാധിപത്യ പ്രതിഷേധങ്ങളെ തച്ച് തകര്‍ക്കുന്നവര്‍ക്ക് നേരെ ധൈര്യപൂര്‍വ്വം നിലകൊള്ളണം. അനീതിയും അസമത്വവും വംശീയതയും പേറുന്ന ഭരണകൂടത്തിന് നേരെ സത്യത്തിന്റേയും നീതിയുടേയും മനുഷ്യത്വത്തിന്റെയും പ്രതീകമായി ഉയരണം. ഗ്യാനേഷ്‌കുമാര്‍ രാജിവെക്കുക. എസ്‌ഐആര്‍ റദ്ദാക്കുക.' - പി.ടി.പി സാജിത ഫേസ്ബുക്കില്‍ എഴുതി.
ഡല്‍ഹി യൂണിവേഴ്‌സിറ്റി ഫ്രറ്റേണിറ്റി ജോയിന്റ് സെക്രട്ടറിയാണ് കണ്ണൂര്‍ സ്വദേശിനിയായ ഫൈഫ. കഴിഞ്ഞ ദിവസം പ്രക്ഷോഭത്തിനിടെ ഫൈഫയെ കസ്റ്റഡിയിലെടുക്കുന്ന ചിത്രങ്ങള്‍ ബിബിസിയും അല്‍ജസീറയും ഉള്‍പ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഐസ നേതാവ് നേഹ ബോറയ്‌ക്കൊപ്പം കസ്റ്റഡിയിലെടുത്ത ഹൈഫയെ ദൗലത്പൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു.