കള്ളനെ പിടികൂടി പൊലീസിലേൽപ്പിച്ചു; വിട്ടയച്ചപ്പോൾ തിരിച്ചെത്തി വീട്ടുടമയെ കൊല്ലുമെന്ന് ഭീഷണി

ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് പേങ്ങാട് സ്വദേശി ഫൈസലിന്റെ വീട്ടിൽ യുവാവ് കയറിയത്

Update: 2026-10-28 15:02 GMT

മലപ്പുറം: വീട്ടിൽ അതിക്രമിച്ചുകയറി വീട്ടുടമയെ ആക്രമിച്ചെന്ന പരാതിയിൽ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ച യുവാവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി പരാതി. വിട്ടയച്ചതിന് പിന്നാലെ ഇയാൾ വീണ്ടും വീട്ടിലെത്തി വീട്ടുടമയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. മലപ്പുറം വൈക്കരപ്പടി പേങ്ങാടാണ് സംഭവം.

ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് പേങ്ങാട് സ്വദേശി ഫൈസലിന്റെ വീട്ടിൽ യുവാവ് കയറിയത്. ഫൈസലിന്റെ മകളാണ് ആദ്യം ഇയാളെ കണ്ടത്. ശബ്ദം കേട്ട് എഴുന്നേറ്റ ഫൈസൽ യുവാവിനെ പിടികൂടാൻ ശ്രമിച്ചപ്പോൾ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ ഫൈസലിനെ കൈവശമുണ്ടായിരുന്ന വള ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചെന്നാണ് പരാതി.

Advertising
Advertising

ശബ്ദം കേട്ടെത്തിയ നാട്ടുകാർ യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതി അക്രമാസക്തനായിരുന്നെന്നും ഇയാളുടെ കൈയിൽ നിന്ന് കഞ്ചാവ് ലഭിച്ചിരുന്നെന്നും പൊലീസിനെ അറിയിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ വീട്ടിൽ അതിക്രമിച്ചുകയറിയതുമായി ബന്ധപ്പെട്ട പരാതി ഗൗരവമായി പരിഗണിച്ചില്ലെന്നാണ് വീട്ടുടമയുടെയും നാട്ടുകാരുടെയും ആരോപണം.

മദ്യപിച്ചോ ലഹരി ഉപയോഗിച്ചോ ബഹളമുണ്ടാക്കിയെന്ന തരത്തിലാണ് ആദ്യം കേസെടുത്തതെന്നും തുടർന്ന് യുവാവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെന്നുമാണ് പരാതി. ആശുപത്രിയിൽവെച്ച് ഡോക്ടറുടെ മുന്നിൽവെച്ചുപോലും യുവാവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ഫൈസൽ പറയുന്നു.

വിട്ടയച്ചതിന് പിന്നാലെ വീണ്ടും വീട്ടിലെത്തി

പൊലീസ് വിട്ടയച്ചതിന് പിന്നാലെ യുവാവ് വീണ്ടും ഫൈസലിന്റെ വീട്ടിലെത്തിയെന്നും വീട്ടുകാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. മോഷണത്തിനെത്തിയപ്പോൾ ഉപയോഗിച്ച ബൈക്ക് ഇവിടെനിന്ന് എടുത്തുകൊണ്ടുപോയതായും വീട്ടുകാർ ആരോപിച്ചു.

തുടർന്ന് നാട്ടുകാർ പരാതി നൽകിയതോടെ പൊലീസ് കേസ് വീണ്ടും ഗൗരവമായി പരിഗണിച്ചു. ഫൈസലിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചശേഷം വീട്ടിൽ അതിക്രമിച്ചുകയറിയതിനും വീട്ടുടമയെ ആക്രമിച്ചതിനും പുതിയ വകുപ്പുകൾ പ്രകാരം കേസെടുത്തതായാണ് വിവരം.

പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇയാൾ കോഴിക്കോട് ഭാഗത്തുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരമെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസ് ഗുരുതരമായ വീഴ്ച വരുത്തിയെന്ന ആരോപണവുമായി വീട്ടുടമയും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News