കോഴിക്കോട്: സമൂഹത്തിൽ നിരന്തരം വിദ്വേഷം നിറയ്ക്കുന്ന യൂട്യൂബര്‍ ഷാജന്‍ സക്റിയയുടെ വസതി സന്ദർശിച്ച മുഖ്യമന്ത്രിയടക്കമുള്ള കോണ്‍ഗ്രസ് മന്ത്രിമാരുടെയും സ്പീക്കറുടെയും നടപടിക്കെതിരെ വ്യാപക വിമര്‍ശനം. മുസ്‌ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയും ഷാജന്‍ സ്‌കറിയക്കെതിരെ രംഗത്ത് എത്തി. വിഷം ചീറ്റുന്ന യൂട്യൂബറെന്നാണ് ചന്ദ്രികയുടെ ഓണ്‍ലൈനില്‍ വന്ന പോസ്റ്റ്.
നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിലും വ്യക്തിഹത്യ ലക്ഷ്യമിട്ടും സ്ഥിരമായി വ്യാജ പ്രചാരണങ്ങളും വിദ്വേഷവും പ്രചരിപ്പിക്കുന്ന യൂട്യൂബറുടെ വീട്ടില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ എത്തിയതില്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് 'വിദ്വേഷം ചീറ്റി മറുനാടന്‍ മലയാളി' എന്ന പേരില്‍ ചന്ദ്രികയില്‍ പോസ്റ്റ് വരുന്നത്. ഷാജന്റെ പിതാവിന്റെ മരണത്തില്‍ അനുശോചിക്കാനാണ് മുഖ്യമന്ത്രിയും ഏതാനും മന്ത്രിമാരും അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നത്.
കേരള മനസാക്ഷിയെ ഞെട്ടിച്ച രണ്ട് വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ 'മറുനാടന്‍ മലയാളി' ചാനലും ഷാജന്‍ സ്‌കറിയയും സ്വീകരിച്ച വിദ്വേഷമാണ് ഏറ്റവും ഒടുവിലത്തേത്. ഈ പശ്ചാതലത്തിലാണ് ചന്ദ്രികയുടെ വിമര്‍ശനം.
നെടുമ്പാശ്ശേരി അപകട വാര്‍ത്ത കൈകാര്യം ചെയ്തുകൊണ്ട് 'പിള്ളേരെ മനഃപൂര്‍വം കൊന്നതാണ്, ഇവന്റെ ഉമ്മയെയും അകത്താക്കണം' എന്നായിരുന്നു വീഡിയോക്ക് കൊടുത്ത തലക്കെട്ട്. അതേസമയം ചേരാനല്ലൂര്‍ അപകടത്തില്‍ കൊടുത്തതാകട്ടെ തല തെറിച്ച പിള്ളേര് ചെയ്യുന്നതിന് അപ്പന്‍ എന്ത് പിഴച്ചു എന്നായിരുന്നു. മറുനാടന്‍ വീഡിയോകള്‍ വിദ്വേഷം വമിപ്പിക്കുന്നതാണെന്ന വിമര്‍ശനം നേരത്തെ തന്നെയുണ്ട്.
ദുരന്തങ്ങളുടെ ആഘാതത്തില്‍ കഴിയുന്ന കുടുംബങ്ങളെ പോലും അങ്ങേയറ്റം അപമാനിക്കുന്ന രീതിയിലുള്ള വാര്‍ത്താ അവതരണമാണ് ഇവര്‍ നടത്തുന്നതെന്ന ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. ഒരു അപകടത്തിന്റെ പേരില്‍ കുടുംബാംഗങ്ങളെയും അമ്മമാരെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രോശങ്ങള്‍ മാധ്യമധാര്‍മ്മികതയുടെ എല്ലാ സീമകളും ലംഘിക്കുന്നതാണ്. ഒരേ മാധ്യമം തന്നെ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് അളവുകോലുകള്‍ പ്രയോഗിക്കുകയും, സ്വാധീനമുള്ള വ്യക്തികളുടെ കാര്യത്തില്‍ സംരക്ഷണാത്മകമായ നിലപാട് സ്വീകരിക്കുകയും ചെയ്യുമ്പോള്‍, അവിടെ യഥാര്‍ത്ഥത്തില്‍ നടക്കുന്നത് വിദ്വേഷ പ്രചാരണവും വ്യക്തിപരമായ അജണ്ടകളാണെന്ന് വ്യക്തമാവുന്നുണ്ടെന്നും ചന്ദ്രിക പറയുന്നു.
സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവുകളും വിദ്വേഷവും വളര്‍ത്തുന്ന രീതിയില്‍ വാര്‍ത്തകളെ വളച്ചൊടിക്കുക എന്നത് മറുനാടന്‍ മലയാളിയുടെ സ്ഥിരം ശൈലിയായി മാറിയിരിക്കുകയാണ്. ദുരന്തങ്ങളെ പോലും സ്വന്തം താല്‍പ്പര്യങ്ങള്‍ക്കും റേറ്റിങ്ങിനും വേണ്ടി ഉപയോഗപ്പെടുത്തുന്ന ഇത്തരം വ്യാജ മാധ്യമപ്രവര്‍ത്തനത്തിനെതിരെ കേരളീയ സമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും, ഇതിനെതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാകണമെന്നുമാണ് വ്യാപകമായി ഉയരുന്നതെന്നും ചന്ദ്രിക ചൂണ്ടിക്കാണിക്കുന്നു.
അതേസമയം വിദ്വേഷ വീഡിയോകള്‍ പടച്ചുവിടുന്ന ഷാജന്റെ വീട്ടിലേക്ക് ഒരു 'മന്ത്രിസഭ' വീട്ടില്‍ ചെന്ന് അനുശോചിക്കാന്‍ മാത്രം ആരാണ് ഇയാളെന്ന ചോദ്യവും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.