തൃപ്പുണിത്തുറയിലെ ബൈക്ക് അപകടം: നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍, പാലം പണിയുടെ കരാറുകാർക്കെതിരെ കേസ്

ഇന്നലെ പുലർച്ചെയാണ് നിർമ്മാണം പൂർത്തിയാക്കാത്ത പാലത്തില്‍ നിന്ന് വീണ് വിഷ്ണുവെന്ന യുവാവ് മരിച്ചത്

Update: 2022-06-05 08:30 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: തൃപ്പുണ്ണിത്തുറയിൽ നിർമ്മാണം പൂർത്തിയാക്കാത്ത പാലത്തിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. പാലം പണിയുടെ കരാറുകാർക്കെതിരെ കേസെടുത്തു. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കാന്‍ കലക്ടര്‍ക്ക്  നിര്‍ദേശം നല്‍കി.

സംഭവിച്ചത് വലിയ വീഴ്ചയാണെന്നും ചീഫ് എഞ്ചിനീയറോട് അടിയന്തര റിപ്പോർട്ട് തേടിയെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കും.ശക്തമായ നടപടി സ്വീകരിക്കും. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു. 'കരാറുകാർക്ക് എതിരെ 304 എ പ്രകാരം കേസ് എടുക്കും. ഉദ്യോഗസ്ഥർക്ക് എതിരെ ഈ വകുപ്പ് ചുമത്തണമോ എന്നത് കലക്ടർ പരിശോധിച്ച ശേഷം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് എൻജിനീയറോട് ആവശ്യപ്പെട്ടിരുന്നതായും ലഭ്യമായ റിപ്പോർട്ട് പരിശോധിച്ചതിന്റെ ഭാഗമായി പാലം വിഭാഗം എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റൻറ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റൻറ്റ് എഞ്ചിനിയർ, ഓവർസിയർ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്.

ഇന്നലെ പുലർച്ചെയാണ് തൃപ്പുണ്ണിത്തുറയിൽ നിർമ്മാണം പൂർത്തിയാക്കാത്ത പാലത്തിലുണ്ടായ അപകടത്തിൽ വിഷ്ണുവെന്ന യുവാവ് മരിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ പാലം പണി നടക്കുന്നത് അറിയാതെ പുലർച്ചെ ബൈക്കിൽ വന്ന വിഷ്ണുവും സുഹൃത്തും പാലത്തിൻറെ ഭിത്തിയിൽ ഇടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News