അയ്യപ്പന്റെ ഒരുതരി പൊന്നുപോലും നഷ്ടമാകില്ല, പത്മകുമാറിനെതിരെ നടപടിയെടുക്കും: എം.വി ഗോവിന്ദൻ
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരും പരാതി നൽകാത്തതുകൊണ്ടാണ് ജയിലിലാകാത്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പത്മകുമാറിനെതിരെ സിപിഎം നടപടി ഉടനെയുണ്ടാകില്ല. പത്മകുമാറിനെതിരെ നടപടിയെടുക്കുന്നതു സംബന്ധിച്ച് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ചയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.
അയ്യപ്പന്റെ ഒരു തരി പൊന്നുപോലും നഷ്ടമാകില്ലെന്നും സിപിഎമ്മിൽ ആർക്കെങ്കിലും പങ്ക് ഉണ്ടെങ്കിൽ പാർട്ടി നടപടിയുണ്ടാകുമെന്നും എന്നാൽ ഇന്ന് നടന്നത് തെരഞ്ഞെടുപ്പ് കമ്മിറ്റി ആയതിനാലാണ് പത്മകുമാർ വിഷയം ചർച്ചയാവാതിരുന്നതെന്നും ഗോവിന്ദൻ വ്യക്തമാക്കി.
എൻ.വാസുവിനും എ.പത്മകുമാറിനുമെതിരെ നടപടിയുണ്ടാകുമെന്നും പാർട്ടി വിശ്വസിച്ച് എൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്നും എം.വി ഗോവിന്ദൻ വിമർശിച്ചു. കുറ്റപത്രം സമർപ്പിച്ച ശേഷം ശക്തമായ നടപടിയുണ്ടാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരും പരാതി നൽകാത്തതുകൊണ്ടാണ് ജയിലിലാകാത്തത്. പല ഓഡിയോകളും പുറത്തുവന്നിട്ടും പ്രതിപക്ഷം തള്ളി പറയാത്തത് സംരക്ഷണമാണെന്നും കോൺഗ്രസ് എല്ലാവരെയും സംരക്ഷിക്കുകയാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. പരാതിയുമായി ആരെങ്കിലും വന്നാൽ രാഹുൽ ജയിലിലാകുമെന്നും അദ്ദേഹം പറഞ്ഞു.