'ഗൂഢാലോചനക്കാർക്കെതിരെ നിയമനടപടി'; എസ്‌ഐടി സർക്കാറിനെ തെറ്റിദ്ധരിപ്പിച്ചെന്ന് ദിലീപ്
കുടുംബ പ്രേക്ഷകരെ തന്റെ സിനിമയില്‍ നിന്ന് അകറ്റാന്‍ ശ്രമിച്ചെന്നും ദിലീപ് പറഞ്ഞു
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായ ദിലീപ് നിയമ നടപടിക്കൊരുങ്ങുന്നു.തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും പ്രത്യേക അന്വേഷണ സംഘം സർക്കാറിനെ തെറ്റിദ്ധരിപ്പിച്ചുവെന്നുമാണ് ദിലീപിന്റെ ആരോപണം. തന്നെയും കുടുംബത്തെയും സാമൂഹ്യമായി ഒറ്റപ്പെടുത്താന്‍ ശ്രമം നടന്നു. വിധി പകർപ്പ് ലഭിച്ച ശേഷം നിയമനടപടിയിലേക്ക് നീങ്ങുമെന്നും ദിലീപ് പറഞ്ഞു
' ഗൂഢാലോചനക്കാർക്കെതിരെ നിയമനടപടി ആലോചിക്കുകയാണ്. കോടതി ഉത്തരവ് ലഭിച്ച ശേഷം തീരുമാനമെടുക്കും. മാധ്യമങ്ങളില്‍ തെറ്റായ വാർത്ത വരുത്തി സമൂഹത്തിന്റെ ശത്രുത തനിക്ക് നേരെ സൃഷ്ടിച്ചു. എസ്ഐടി സർക്കാറിനെ തെറ്റിദ്ധരിപ്പിച്ചു. ആറു പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം കേസില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്.ഇതിന് ശേഷം മുഖ്യമന്ത്രിയെ ചില ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചു. ഈ കാര്യങ്ങളെല്ലാം സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
കുടുംബ പ്രേക്ഷകരെ തന്റെ സിനിമയില്‍ നിന്ന് അകറ്റാന്‍ ശ്രമിച്ചെന്നും ദിലീപ് പറയുന്നു. എസ്ഐടി തലവന്‍ ദിവസവും എന്നെ ഒന്നര മണിക്കൂർ കഠിനമായി ചോദ്യം ചെയ്തു.എന്നിട്ട് 13 മണിക്കൂർ ചോദ്യം ചെയ്തു എന്ന് മാധ്യമങ്ങളില്‍ വാർത്ത വരുത്തി.ദിലീപ് പറഞ്ഞു.
അമ്മയിലെ അംഗത്വത്തിന്‍റെ കാര്യത്തില്‍ സംഘടനയാണ് തീരുമാനമെടുക്കേണ്ടതെന്നും കേസില്‍ താന്‍ കുറ്റവിമുക്തനായ കാര്യം അമ്മ പരിശോധിക്കട്ടെയെന്നും ദിലീപ് 'ദി ഹിന്ദു'വിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ ദിലീപിനെ തിങ്കളാഴ്ചയാണ് കോടതി വെറുതെ വിട്ടത്. പള്‍സർ സുനി അടക്കം ആറ് പ്രതികള്‍ കുറ്റക്കാരാണെന്നും എറണാകുളം സെഷന്‍സ് കോടതി കണ്ടെത്തി.പ്രതികള്‍ക്കുള്ള ശിക്ഷ 12 ന് വിധിക്കും. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചന , തെളിവ് നശിപ്പിക്കല്‍ എന്നീ രണ്ട് കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപിനെ വെറുതെ വിടന്നതായി ജഡ്ജി ഹണി എം വർഗീസ് ഉത്തരവിട്ടു.
കോടതിക്ക് പുറത്ത് കാത്തുനിന്ന ആരാധകരെ അഭിവാദ്യം ചെയ്ത് പുറത്തിറങ്ങിയ ദിലീപ് തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് പ്രതികരിച്ചിരുന്നു. ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് മഞ്ജു പറഞ്ഞയിടത്ത് നിന്നാണ് തനിക്കെതിരെ ഗൂഢാലോചന തുടങ്ങിയതെന്ന് കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
'ഈ കേസിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ട്, ആ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് മഞ്ജു പറഞ്ഞതിൽ നിന്നാണ് എനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചത്. അന്നത്തെ ഉയർന്ന മേലുേേദ്യാഗസ്ഥയും അവർ തെരഞ്ഞെടുത്ത ക്രിമിനൽ പൊലീസുകാരും ചേർന്നാണ് എന്നെ വേട്ടയാടിയത്.അതിനായി മുഖ്യപ്രതിയെ കൂട്ടുപിടിച്ച് പൊലീസ് സംഘം കള്ളക്കഥ മെനഞ്ഞെടുത്തു. പൊലീസ് സംഘം അവർക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന മാധ്യമങ്ങളെയും കൂട്ടുപിടിച്ച് കള്ളക്കഥ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഇന്ന് കോടതിയിൽ പൊലീസുണ്ടാക്കിയ കള്ളക്കഥ പൊളിഞ്ഞു. ഈ കേസില്‍ എന്നെ പ്രതിയാക്കാനാണ് യഥാര്‍ഥത്തില്‍ ഗൂഢാലോചന നടന്നത്.എന്റെ കരിയറും ജീവിതവും കരിയറും നശിപ്പിക്കാനാണ് ഗൂഢാലോചന നടത്തിയത്. എനിക്ക് വേണ്ടി പ്രാർഥിച്ച,കൂടെനിന്ന കുടുംബങ്ങളോടും കൂട്ടുകാരോടും നന്ദി പറയുന്നു. അഡ്വ.രാമൻപിള്ളയോട് ജീവിതകാലം മുഴുവൻ കടപ്പെട്ടിട്ടിരിക്കും.' ദിലീപ് ഇന്നലെ പറഞ്ഞു.
ഏഴാം പ്രതി ചാർളി തോമസ്, മേസ്തിരി സനില്‍, ശരത് ജി നായർ എന്നിവരെയും കോടതി വെറുതെ വിട്ടിട്ടുണ്ട്. ഒന്നാം പ്രതി പള്‍സർ സുനി, രണ്ടാം പ്രതി മാർട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി.മണികണ്ഠന്‍, നാലാം പ്രതി വി.പി വിജീഷ്, അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു.