നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോയുടെ സംസ്കാരം ഇന്ന്
തമിഴ്നാട്ടിൽ നടന്ന വാഹനാപകടത്തിലാണ് ചാക്കോ മരിച്ചത്
തൃശൂര്‍: നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോയുടെ സംസ്കാരം ഇന്ന് നടക്കും. തൃശ്ശൂർ മുണ്ടൂർ കർമ്മല മാതാ പള്ളിയിലാണ് സംസ്കാരം . മുണ്ടൂരിലെ വീട്ടിൽ പൊതുദർശനവും നടന്നു. തമിഴ്നാട്ടിൽ നടന്ന വാഹനാപകടത്തിലാണ് പി.സി ചാക്കോ മരിച്ചത്.
ഇന്നലെ വൈകുന്നേരം മുതല്‍ തന്നെ സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഷൈനിന്‍റെ പിതാവിന് അന്തിമോപചാരമർപ്പിക്കാൻ വീട്ടിലെത്തിയിരുന്നു.നിര്‍മാതാവ് സാന്ദ്ര തോമസ്,നടി സരയൂ, കമൽ, ഒമർ ലുലു, ടി.ജി രവി, സൗബിൻ ഷാഹിര്‍ തുടങ്ങിയവര്‍ ഇന്നും വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷൈൻ ടോം പിതാവിന്‍റെ സംസ്കാരചടങ്ങുകള്‍ക്കായി വീട്ടിലെത്തിയിട്ടുണ്ട്. ഭര്‍ത്താവിനെ അവസാനമായി ഒരുനോക്ക് കാണാനായി ചികിത്സയിലുള്ള ഷൈനിന്‍റെ അമ്മയെയും വീട്ടിലെത്തിച്ചിട്ടുണ്ട്.
അപകടത്തില്‍ ഷൈന്‍ ടോം ചാക്കോക്ക് പുറമെ അമ്മ കാര്‍മല്‍, സഹോദരന്‍ ജോജോ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. തമിഴ്‌നാട്ടിലെ സേലത്ത് വെച്ച് കഴിഞ്ഞദിവസം പുലര്‍ച്ചയാണ് ഷൈനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബെംഗളൂരുവിലേക്ക് ഷൈനിന്റെ ചികിത്സാര്‍ത്ഥമായിരുന്നു കുടുംബത്തിന്റെ യാത്ര. അപകടം നടന്നയുടന്‍ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചാക്കോയുടെ ജീവന്‍ രക്ഷിക്കാനായില്ല.