സ്ഥാനാർഥികളാര്? കൈപ്പമംഗലത്തും കുന്നംകുളത്തും യുഡിഎഫിൽ അനിശ്ചിതത്വം

വിശ്വാസ്യതയും ജനപിന്തുണയുമുള്ള മികച്ച സ്ഥാനാർഥികളെ കിട്ടാനില്ല എന്നതാണ് തൃശൂരിൽ കോൺഗ്രസ് നേരിടുന്ന വെല്ലുവിളി. രണ്ടാം നിരയിലും മൂന്നാം നിരയിലുമുള്ള നേതാക്കളുടെ പേരുകളാണ് പല മണ്ഡലങ്ങളിലും സ്ഥാനാർഥി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്

Update: 2026-02-07 12:34 GMT

ച്ചി: കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും യുഡിഎഫ് നാണം കെട്ട തോൽവി ഏറ്റുവാങ്ങിയ തൃശൂർ ജില്ലയിൽ മികച്ച സ്ഥാനാർഥികളെ കണ്ടെത്താനാകാതെ കോൺഗ്രസ് നേതൃത്വം വിയർക്കുന്നു. 13 സീറ്റുള്ള തൃശൂരിൽ 2016 ലും 2021 ലും ഒറ്റ സീറ്റ് മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. തൃശൂരിൽ ആറ് സീറ്റെങ്കിലും ലഭിക്കാതെ കേവല ഭൂരിപക്ഷത്തിന് അടുത്തൊന്നും എത്താനാകില്ലെന്ന് ഉറപ്പായിരിക്കെ മികച്ച സ്ഥാനാർഥികളെ പോലും കണ്ടെത്താനാകാതെ നേതൃത്വം വിയർക്കുകയാണ്. ജില്ലയിലെ പ്രധാന കോൺഗ്രസ് നേതാക്കൾക്കാകട്ടെ കടുത്ത വിശ്വാസ്യത നഷ്ടവും സംഭവിച്ചിട്ടുണ്ട്. മുൻ എംഎൽഎ കൂടിയായ അനിൽ അക്കരെയുടെ പേര് സ്ഥാനാർഥി പട്ടികയിലുണ്ടെങ്കിലും മത്സരിക്കാതെ അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് തന്നെ തുടരാനുള്ള നീക്കത്തിലാണ്. യുഡിഎഫ് തരംഗമുണ്ടായ തദ്ദേശ തെരഞ്ഞെടുപ്പിലും തൃശൂരിൽ യുഡിഎഫിന്റേത് മോശം പ്രകടനമായിരുന്നു. ഓരോ നേതാവും ഓരോ ഗ്രൂപ്പാണെങ്കിലും ഭൂരിഭാഗം പേരും കെ.സി വേണുഗോപാൽ ഗ്രൂപ്പിലാണ് അണിനിരക്കുന്നതെന്ന വിചിത്ര സ്ഥിതിയും തൃശൂരിലുണ്ട്.

Advertising
Advertising


അനൂപ് വി.ആർ, അഡ്വ. ആസിഫ് മുഹമ്മദ്, ഉമർ കടങ്ങോട്‌

മികച്ച സ്ഥാനാർഥികളെ കിട്ടാനില്ല

വിശ്വാസ്യതയും ജനപിന്തുണയുമുള്ള മികച്ച സ്ഥാനാർഥികളെ കിട്ടാനില്ല എന്നതാണ് തൃശൂരിൽ കോൺഗ്രസ് നേരിടുന്ന വെല്ലുവിളി. രണ്ടാം നിരയിലും മൂന്നാം നിരയിലുമുള്ള നേതാക്കളുടെ പേരുകളാണ് പല മണ്ഡലങ്ങളിലും സ്ഥാനാർഥി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്. മുൻ എംപി കൂടിയായ ടി.എൻ പ്രതാപൻ കൂടുതൽ വിജയസാധ്യതയുള്ള സീറ്റ് തേടിയുള്ള അന്വേഷണത്തിലാണ്. ഗുരുവായൂർ അടക്കം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെങ്കിലും തന്റെ സാധ്യത നിലനിർത്താനാണ് പ്രതാപൻ ശ്രമിക്കുന്നത്. ഗുരുവായൂർ വെച്ചുമാറാൻ മുസ്‌ലിം ലീഗ് തയ്യാറല്ലെന്ന് വന്നതോടെ മണലൂർ സീറ്റിൽ കുറച്ചു കൂടി കേന്ദ്രീകരിച്ചു. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ഒല്ലൂരും മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ പുതുക്കാടും കേന്ദ്രീകരിക്കുന്നുണ്ട്.


സിദ്ദീഖ് പന്താവൂർ, സ്വപ്ന രാമചന്ദ്രൻ, ലബീബ് ഹസൻ

കൈപ്പമംഗലവും കുന്നംകുളവും

13 സീറ്റുള്ള തൃശൂർ ജില്ലയിൽ ചേലക്കരയും നാട്ടികയും പട്ടികജാതി സംവരണമാണ്. ബാക്കിയുള്ള 11 ൽ ഈഴവ -02, നായർ - 02, ക്രിസ്ത്യൻ -03, മുസ്‌ലിം -01,ഘടക കക്ഷികൾ -02 എന്നതാണ് സ്റ്റാറ്റസ്‌കോ. പുതുക്കാട്, കൈപ്പമംഗലം, കുന്നംകുളം സീറ്റുകളിൽ രണ്ടെണ്ണമാണ് ഈഴവ സ്ഥാനാർഥികൾക്കായി പരിഗണിക്കുന്നത്. കുന്നംകുളത്തോ കൈപ്പമംഗലത്തോ ആയിരിക്കും മുസ്‌ലിം സ്ഥാനാർഥി വരിക. 

കൈപ്പമംഗലത്ത് ഈഴവ സ്ഥാനാർഥിയെങ്കിൽ കെപിസിസി വക്താവ് വി.ആർ അനൂപിനെ പരിഗണിക്കാൻ സാധ്യതയുണ്ട്. മുസ്‌ലിം സ്ഥാനാർഥിയെങ്കിൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ആസിഫ് മുഹമ്മദ്, ഡിസിസി സെക്രട്ടറി ടി.എം നാസർ എന്നിവരെ പരിഗണിക്കും. നാട്ടുകാരനും താഴേത്തട്ടിൽ സജീവ പ്രവർത്തനവുമുള്ള ആസിഫ് മുഹമ്മദിനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തുണ്ട്. ചാലക്കുടി എംപി ബെന്നി ബഹനാന്റെ പിന്തുണയാണ് ടി.എം നാസറിനെങ്കിൽ കെ.സി വേണുഗോപാലാണ് വി.ആർ അനൂപിന്റെ ശക്തി. കുന്നംകുളത്ത് ഈഴവ സ്ഥാനാർഥിയെങ്കിൽ മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും വേലൂർ പഞ്ചായത്ത് പ്രസിഡന്റുമായ സ്വപ്ന രാമചന്ദ്രനായിരിക്കും പ്രഥമ പരിഗണന. കെ.സി ഗ്രൂപ്പുകാരിയും മികച്ച സംഘാടകയുമാണ് സ്വപ്‌ന. മുസ് ലിം സ്ഥാനാർഥിയാണ് മത്സരിക്കുന്നതെങ്കിൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയും ചങ്ങരംകുളം സ്വദേശിയുമായ സിദ്ദീഖ് പന്താവൂർ, വടക്കാഞ്ചേരി ബ്ലോക് പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് ഉമർ കടങ്ങോട്, കുന്നംകുളം നഗരസഭാ കൗൺസിലർ ലബീബ് ഹസൻ എന്നിവരെ പരിഗണിക്കും. കുന്നംകുളത്താണോ കൈപ്പമംഗലത്താണോ മുസ്‌ലിം സ്ഥാനാർത്ഥിയെ പരിഗണിക്കുക എന്ന കാര്യം വ്യക്തമല്ലാത്തതിനാൽ സ്ഥാനാർഥിമോഹികൾ കടുത്ത അനിശ്ചിതത്വത്തിൽ തുടരുകയാണ്. കൈപ്പമംഗലത്ത് പൊതു സ്വതന്ത്രനായി സിനിമാ സംവിധായകൻ പ്രശാന്ത് ഈഴവനെ മത്സരിപ്പിക്കുന്നതിനെ കുറിച്ച ആലോചനകളും നേതൃതലത്തിൽ നടക്കുന്നുണ്ട്  സിപിഐയുടെ മുൻ ജില്ലാ സെക്രട്ടറി ടി.എച്ച് വത്സരാജിനെയാണ് കൈപ്പമംഗലത്ത് എൽഡിഎഫ് പരിഗണിക്കുന്നത്. കുന്നംകുളത്ത് മുൻ മന്ത്രിയും സിറ്റിങ് എംഎൽഎ കൂടിയായ എ.സി മൊയ്തീൻ എൽഡിഎഫ് സ്ഥാനാർഥിയാകാനാണ് സാധ്യത. 


പ്രശാന്ത് ഈഴവൻ

മത്സരിക്കാൻ ഭയം

ജില്ലയിലെ കോൺഗ്രസ് വലിയ നേതൃപ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ പല നേതാക്കൾക്കും മത്സരിക്കാൻ ഭയമാണ്. മുൻ എംഎൽഎമാർ കൂടിയായ എം.പി വിൻസെൻറ്, അനിൽ അക്കരെ തുടങ്ങിയവരൊന്നും മത്സരിക്കാനായി മുന്നോട്ട് വരുന്നില്ല. ജില്ലയിലെ പാർട്ടിയുടെ ദൌർബല്യവും തമ്മിൽതല്ലും പാരവെപ്പുമാണ് ഇവരെ പിറകോട്ട് നയിക്കുന്നത്. കടുത്ത ഗ്രൂപ്പിസവും കുതികാൽ വെട്ടും മൂലം ജില്ലയിലെ നേതാക്കളുടെ വിശ്വാസ്യത ചോർന്നു പോയി എന്നാണ് പാർട്ടിയുടെ മുൻനിരയിൽ ഉള്ളവർ തന്നെ പങ്കുവെക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Byline - രാഷ്ട്രീയകാര്യ ലേഖകന്‍

contributor

Similar News