തിരുവനന്തപുരം: ഡീൽ ചർച്ചക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് ചോദ്യങ്ങളുമായി മുഖ്യമന്ത്രി. ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ പ്രതിപക്ഷ നേതാവ് വിളക്ക് കൊളുത്തിയത് ഏത് ഡീലാണെന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.
2006ലെ പരിപാടിയെക്കുറിച്ച് ചോദിക്കുമ്പോൾ 2013ലെ മറ്റൊരു പരിപാടിയെക്കുറിച്ച് പറഞ്ഞ് പ്രതിപക്ഷ നേതാവ് രക്ഷപ്പെടുന്നു. 2006ലെ പറവൂർ ഡീൽ എന്താണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും പോസ്റ്റിൽ ആവശ്യമുണ്ട്. പ്രതിപക്ഷ നേതാവിന്റെ മറുപടി അറിയാൻ മതനിരപേക്ഷ കേരളത്തിന് അവകാശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
2006ൽ ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്. 2001ലും 2006ലും നിയമസഭാ തെരഞ്ഞെടുപ്പിൽ വി.ഡി സതീശൻ ആർഎസ്എസ് പിന്തുണ ആവശ്യപ്പെട്ടതായി ഹിന്ദു ഐക്യവേദി അധ്യക്ഷൻ 2022ൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഗോൾവാൾക്കർ പൂജ ഡീൽ എന്ന് സംശയിക്കുന്നവരെ കുറ്റംപറയാൻ ആകില്ലെന്നും മുഖ്യമന്ത്രിയുടെ പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം;
2006-ൽ പറവൂരിൽ ആർഎസ്എസ് നടത്തിയ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷ ചടങ്ങിൽ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങി വിളക്കു കൊളുത്തുകയും ചെയ്തത് ഏത് ഡീൽ ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കണം. ഈ പരിപാടിയെ പറ്റി ചോദിക്കുമ്പോൾ 2013-ലെ മറ്റൊരു പരിപാടിയെപ്പറ്റി പറഞ്ഞുകൊണ്ട് സ്ഥിരമായി രക്ഷപ്പെടുകയാണ് അദ്ദേഹം. 2006-ലെ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത വിഷയത്തിൽ വിഡി സതീശന്റെ മറുപടി എന്താണെന്നറിയാൻ മതനിരപേക്ഷ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്.
ആർഎസ്എസിന്റെ രണ്ടാം സർ സംഘചാലകും ആ പദവിയിൽ ഏറ്റവും കൂടുതൽ കാലം ഇരുന്നയാളുമായ ഗോൾവാൾക്കറെ പൂവിട്ടു പൂജിക്കാൻ വിഡി സതീശൻ കണ്ടെത്തിയ സമയവും പ്രധാനമാണ്. 2006 ഫെബ്രുവരിയിലായിരുന്നു പറവൂർ മനക്കപ്പടി സ്കൂളിൽ പ്രസ്തുത പരിപാടി നടന്നത്. അതായത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപ്.
2001-ലെയും 2006-ലെയും നിയമസഭാ തെരഞ്ഞെടുപ്പിൽ വിഡി സതീശൻ ആർഎസ്എസ് പിന്തുണ അഭ്യർത്ഥിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ വെളിപ്പെടുത്തിയത് 2022-ലാണ്. ഈ വിഷയത്തിലും പ്രതിപക്ഷ നേതാവ് ഇതുവരെയും വ്യക്തമായ മറുപടി നൽകിയിട്ടില്ല. ആർഎസ്എസ് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമായിരുന്നു അന്നത്തെ ഗോൾവാൾക്കർ പൂജയെന്ന് സംശയിക്കുന്നവരെ കുറ്റം പറയാൻ കഴിയില്ല.
2006-ൽ പറവൂരിലെ ഡീൽ എന്തായിരുന്നുവെന്ന് ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം.
Full View