മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാര്‍ഥി കെ.എം അഷ്റഫ് പത്രിക പിന്‍വലിച്ചു

യുഡിഎഫും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ എസ്ഡിപിഐയുടെ സ്ഥാനാര്‍ഥിത്വം ബിജെപിക്കാണ് ഗുണം ചെയ്യുകയെന്ന് വ്യാപക വിമര്‍ശനമുണ്ടായിരുന്നു

Update: 2026-03-26 08:59 GMT

കൊച്ചി: അസംബ്ലി തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവില്‍ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് എസ്ഡിപിഐ. സ്ഥാനാര്‍ഥി കെ.എം അഷ്‌റഫ് പത്രിക പിന്‍വലിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് പത്രിക പിന്‍വലിച്ചത്. പിന്നാലെ കെ.എം അഷ്‌റഫ് ജില്ലാ ഭാരവാഹിത്വം രാജിവെക്കുകയും ചെയ്തിട്ടുണ്ട്. യുഡിഎഫും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ എസ്ഡിപിഐയുടെ സ്ഥാനാര്‍ഥിത്വം ബിജെപിക്കാണ് ഗുണം ചെയ്യുകയെന്ന് വ്യാപക വിമര്‍ശനമുണ്ടായിരുന്നു. ഇതിനൊടുവിലാണ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചിരിക്കുന്നത്.

Advertising
Advertising

ഇന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. മഞ്ചേശ്വരത്തെ ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് രാജിവെക്കുന്നതെന്ന് കെ.എം അഷ്റഫ് പറഞ്ഞു. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വത്തില്‍ എസ്ഡിപിഐ സംസ്ഥാന നേതാക്കളില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഇന്നലെ പറഞ്ഞിരുന്നു.

2021ലെ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് 745 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായ എ.കെ.എം അഷ്റഫ് വിജയിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കെ. സുരേന്ദ്രനായിരുന്നു എതിര്‍സ്ഥാനാര്‍ഥി. ഇത്തവണയും എ.കെ.എം അഷ്റഫും കെ. സുരേന്ദ്രനും തന്നെയാണ് പ്രധാന സ്ഥാനാര്‍ഥികള്‍. കെ.ആര്‍ ജയാനന്ദയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിക്ക് ഗുണം ചെയ്യും എന്ന കാരണത്താല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. എന്നാല്‍, ഇത്തവണ എന്തുകൊണ്ട് ആ സമീപനം സ്വീകരിച്ചില്ല എന്നായിരുന്നു ലീഗ്, കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ചോദ്യമുയര്‍ന്നത്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News