'എട്ട് വർഷം അതിജീവിത അനുഭവിച്ച ട്രോമ വലുതായിരുന്നു'; പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് നടിയുടെ അഭിഭാഷക ടി.ബി.മിനി
ദീലീപിനെതിരെ ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ തെളിയുമെന്നാണ് പ്രതീക്ഷയെന്നും അഡ്വ. ടി.ബി മിനി മീഡിയവണിനോട്
കൊച്ചി: ഗൂഢാലോചന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്കെതിരെശക്തമായ തെളിവുകൾ കോടതിയില്‍ ഹാജാരാക്കാനായെന്ന വിശ്വാസത്തിലാണ് ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷക ടി.ബി മിനി. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ടി.ബി മിനി മീഡിയവണിനോട് പറഞ്ഞു.
'എട്ട് വർഷം നീണ്ട നിയമ പോരാട്ടത്തിനിടയില്‍ വിചാരണ ഘട്ടങ്ങളില്‍ സുപ്രിംകോടതി ഇടപെടലും ഉണ്ടായി.പ്രതികളുടെ ക്രൂര കൃത്യവും അതിലേക്ക് നയിച്ച ഗൂഢാലോചനയും മറ്റേത് കേസിനെയും വെല്ലുന്നതാണ്. കഴിഞ്ഞ എട്ടുവര്‍ഷം കടുത്ത മാനസിക സംഘർഷമാണ് അതിജീവിത അനുഭവിച്ചത്. വിധി വരുന്നതിനേക്കാള്‍ കൂടുതല്‍ ടെന്‍ഷന്‍ അനുഭവിച്ച സമയങ്ങള്‍ വിചാരണവേളയിലുണ്ടായിട്ടുണ്ട്. പ്രതികൾക്കതിരെ ശക്തമായ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഒന്നാം പ്രതി ശിക്ഷിക്കപ്പെടാൻ എല്ലാ തെളിവുകളുമുണ്ട്.എന്നാൽ എട്ടാം പ്രതി ദിലീപിനെ പ്രതിരോധിക്കാൻ നിരവധി കാര്യങ്ങൾ അവർ ചെയ്തിട്ടുണ്ട്. ദീലീപിനെതിരെ ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ തെളിയുമെന്നാണ് പ്രതീക്ഷയെന്നും അഭിഭാഷക പറഞ്ഞു.
നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ എറണാകുളം ജില്ലാ കോടതി ഇന്നാണ് വിധി പറയുന്നത്.അഞ്ചു വർഷം നീണ്ട വിചാരണക്കും നാടകീയ സംഭവങ്ങള്‍ക്കും ശേഷമാണ് കേസില്‍ വിധി വരുന്നത്. ജഡ്ജി ഹണി എം വർഗീസാണ് വിധി പറയുക.കനത്ത സുരക്ഷാ വലയത്തിലാണ് കോടതി.പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സംഭവം നടന്ന് എട്ടു വർഷങ്ങൾക്ക് ശേഷമാണ് വിചാരണ പൂർത്തിയാക്കി കോടതി വിധി പറയുന്നത്. അതിജീവിതയുടെ ശക്തമായ പോരാട്ടത്തിന്റെ ചരിത്രം കൂടി അടയാളപ്പെടുത്തുന്നതാണ് ഈ ദിനം.