അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം: ഒടുവിൽ നടപടി തുടങ്ങി പൊലീസ്; യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ

ജയകൃഷ്ണൻ പള്ളിക്കലാണ് അറസ്റ്റിലായത്

Update: 2026-11-03 16:32 GMT

കോട്ടയം: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ ഒടുവിൽ നടപടി തുടങ്ങി പൊലീസ്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് അറസ്റ്റിലായി. ജയകൃഷ്ണൻ പള്ളിക്കലാണ് അറസ്റ്റിലായത്. ജൂലൈ 11ന് യൂട്യൂബർ രാജൻ ജോസഫിനെ തടഞ്ഞ സംഭവത്തിൽ പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ കേസെടുത്തെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല. സ്റ്റേഷനിലെ സിസിടിവി ദൃശ്യം പൂർണമായി പുറത്തുവന്നതോടെയാണ് മറ്റു പ്രതികളെ അറസ്റ്റ് ചെയ്യാൻ തുടങ്ങിയത്. ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിയാക്കുന്നതിൽ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് വ്യക്തമാക്കി.

Advertising
Advertising

അതേസമയം, സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് ശേഷം യൂട്യൂബര്‍ രാജന്‍ ജോസഫിനെ താന്‍ ആക്രമിച്ചിട്ടില്ലെന്നും സെല്ലിനുള്ളിലുണ്ടായിരുന്ന രാജന്‍ ജോസഫിനോട് 'സുഖമാണോ ചേട്ടാ' എന്ന് മാത്രമാണ് ചോദിച്ചതെന്നുമായിരുന്നു പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞത്. ശ്രീനാദേവിയുടെ പരാതിയില്‍ ജൂലൈ 11ന് രാജന്‍ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു സംഘര്‍ഷവും അക്രമവും അരങ്ങേറിയത്.

ജൂലൈ 11ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയെ തുടര്‍ന്ന് പുറത്തുവന്നത്. ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് യൂട്യൂബര്‍ രാജന്‍ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്ത രാജന്‍ ജോസഫിനെ അടൂര്‍ സ്റ്റേഷനില്‍ എത്തിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.

പൊലീസ് ജീപ്പ് തടഞ്ഞുനിര്‍ത്തി രാജന്‍ ജോസഫിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതും സ്റ്റേഷനിലേക്ക് പ്രവര്‍ത്തകര്‍ അതിക്രമിച്ചുകയറുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ശ്രീനാദേവി കുഞ്ഞമ്മയ്ക്കൊപ്പം കോണ്‍ഗ്രസ് നേതാവ് ഫെന്നി നൈനാന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്നു. സ്റ്റേഷനുള്ളിലെ സെല്ലിന് സമീപം വെച്ച് രാജന്‍ ജോസഫുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തര്‍ക്കിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടർന്നാണ് പൊലീസ് ഇപ്പോൾ നടപടിയാരംഭിച്ചിരിക്കുന്നത്. 

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News