വരാനിരിക്കുന്നത് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ കുതിപ്പിന്റെ കാലം; റോജി എം. ജോൺ

ഇരുപതാമത് സാഫി ഗ്രാജുവേഷൻ ഡേ ‘അസെൻഷിയോ 26’ ൽ 536 വിദ്യാർഥികൾക്ക് ബിരുദദാനം നിർവഹിച്ചു

Update: 2026-11-03 16:15 GMT

വാഴയൂർ: വരാനിരിക്കുന്നത് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ കുതിപ്പിന്റെ കാലമാണെന്നും കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉദ്യോഗം മാത്രം നേടിക്കൊടുക്കുന്ന കേന്ദ്രങ്ങൾ എന്നതിനപ്പുറം ഗവേഷണ സ്ഥാപനങ്ങളായി വളരണമെന്നും കേരള ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി (ഓട്ടോണമസ്) യുടെ ബിരുദദാനച്ചടങ്ങ് 'Ascensio ’26' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 18 ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നായി 536 വിദ്യാർഥികൾ ചടങ്ങിൽ ബിരുദം ഏറ്റുവാങ്ങി.

തൊഴിൽസാധ്യതകളും ഗവേഷണ മികവും ഒരുപോലെ മുന്നോട്ടുവെക്കുന്ന സാഫിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. സാഫി വൈകാതെ അറിയപ്പെടുന്ന ഒരു സ്വകാര്യ സർവകലാശാലയായി മാറട്ടെയെന്ന് ആശംസിച്ച മന്ത്രി, വിദേശരാജ്യങ്ങളിലെ വിദ്യാഭ്യാസ-തൊഴിൽ സാധ്യതകൾ തേടി വിദ്യാർഥികൾ പോകുന്ന സാഹചര്യം ഒഴിവാക്കി അത്തരം അവസരങ്ങൾ കേരളത്തിൽത്തന്നെ സൃഷ്ടിക്കാൻ സാഫിയെപ്പോലുള്ള ദീർഘവീക്ഷണമുള്ള സ്ഥാപനങ്ങളുടെ നിലനിൽപ്പ് അനിവാര്യമാണെന്നും കൂട്ടിച്ചേർത്തു.

Advertising
Advertising

സാഫി ട്രസ്റ്റ് ചെയർമാൻ സി.എച്ച്. അബ്ദുൾ റഹീം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി എം.എൽ.എ ടി.പി. അഷ്റഫ് അലി, സാഫി ട്രസ്റ്റ് ജനറൽ സെക്രട്ടറി എം.എ. മെഹ്ബൂബ്, വൈസ് ചെയർമാൻ അമീർ അഹമ്മദ്, സെക്രട്ടറി മിസ് കദീജ മുഹമ്മദലി, പ്രിൻസിപ്പലും സി.ഇ.ഒയുമായ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ, അഡ്മിനിസ്ട്രേറ്റർ കേണൽ നിസാർ അഹമ്മദ് സീതി, വൈസ് പ്രിൻസിപ്പൽ ടി.പി. മുഹമ്മദ് കാമിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കോളേജിലെ വിവിധ മെയിൻ ഡിപ്പാർട്ട്‌മെന്റുകളിലെ മേധാവികളും വേദിയിൽ സന്നിഹിതരായിരുന്നു. എം.എ. മെഹ്ബൂബ് സ്വാഗതപ്രസംഗം നിർവഹിച്ചു.

സാഫി സെക്രട്ടറി മിസ് കദീജ മുഹമ്മദലി, സാഫി ട്രസ്റ്റ്‌ ട്രഷറർ കെ. വി അബ്ദുൽ അസിസ്, പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ, വൈസ് പ്രിൻസിപ്പൽ ടി.പി. മുഹമ്മദ് കാമിൽ എന്നിവർ സംബന്ധിച്ചു.   സാഫി മ്യൂസിക് ക്ലബ്ബിന്റെ 'മെലോഡിയ' എന്ന സംഗീതപരിപാടിയും അരങ്ങേറി. ബിൻസി, ഇമാം എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സൂഫി സംഗീതവിരുന്നും നടന്നു. 


Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News