എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്യാതെ ട്രൈബ്യൂണല്‍

ബാര്‍ ലൈസന്‍സ് നല്‍കാനുള്ള അധികാരം ഡെപ്യൂട്ടി കമ്മീഷണര്‍മാരില്‍ നിന്ന് എടുത്തുമാറ്റുമെന്ന് മന്ത്രി ലിജു

Update: 2026-11-03 13:13 GMT

തിരുവനന്തപുരം: മദ്യനയത്തില്‍ തീരുമാനമാകുന്നതുവരെ പുതിയ ബാര്‍ ലൈസന്‍സുകള്‍ നല്‍കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാരെ സസ്‌പെന്‍ഡ് ചെയ്ത ഉത്തരവ് സ്റ്റേ ചെയ്യാതെ സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. ഡെപ്യൂട്ടി കമ്മിഷണര്‍മാരായ പി.കെ സതീഷ്, പി.എല്‍ ഷിബു എന്നിവരാണ് സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രൈബ്യൂണലിനെ സമീപിച്ചത്. ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും ട്രൈബ്യൂണല്‍ അനുവദിച്ചില്ല.

സര്‍ക്കാരിന്റെ ഭാഗം വിശദമായി കേള്‍ക്കാതെ സസ്‌പെന്‍ഷന്‍ അടിയന്തരമായി സ്റ്റേ ചെയ്യരുതെന്നും ഇടക്കാല ഉത്തരവ് നല്‍കരുതെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. സര്‍ക്കാരിന്റെ ഈ വാദം അംഗീകരിച്ചാണ് ട്രൈബ്യൂണല്‍ അടിയന്തര സ്റ്റേ അനുവദിക്കാതിരുന്നത്. തുടര്‍ന്ന് ഹരജികളില്‍ വിശദമായ വാദം കേള്‍ക്കുന്നത് ഈ മാസം 12ലേക്ക് മാറ്റി.

Advertising
Advertising

സര്‍ക്കാര്‍ അറിയാതെ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതില്‍ മന്ത്രി എം. ലിജു കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സംഭവത്തില്‍ മന്ത്രി വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സര്‍ക്കാരിന്റെ നയങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായി ബാറുകള്‍ അനുവദിച്ചു എന്ന കുറ്റം ചുമത്തിയാണ് വകുപ്പുതല സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്.

ബാര്‍ ലൈസന്‍സ് നല്‍കാനുള്ള അധികാരം ഡെപ്യൂട്ടി കമ്മീഷണര്‍മാരില്‍ നിന്ന് എടുത്തുമാറ്റും -മന്ത്രി ലിജു

ബാര്‍ ലൈസന്‍സ് നല്‍കാനുള്ള അധികാരം ഡെപ്യൂട്ടി കമ്മീഷണര്‍മാരില്‍ നിന്ന് എടുത്തുമാറ്റുമെന്ന് എക്‌സൈസ് മന്ത്രി എം. ലിജു പറഞ്ഞു. നവംബര്‍ 30നകം സര്‍ക്കാര്‍ മദ്യനയം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരുമായോ വകുപ്പ് മന്ത്രിയുമായോ കൂടിയാലോചന നടത്താതെയാണ് കമ്മീഷണര്‍മാര്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടതെന്ന് മന്ത്രി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ അറിഞ്ഞ് തീരുമാനമെടുക്കേണ്ട കാര്യങ്ങള്‍ താഴെത്തട്ടില്‍ തീരുമാനിക്കാനുള്ള അധികാരം നല്‍കിയത് മുന്‍ ഇടതു സര്‍ക്കാരാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇത്തരത്തിലുള്ള പഴുതുകള്‍ ഉപയോഗിച്ച് 428 വൈന്‍ പാര്‍ലറുകളാണ് ബാറുകളായി മാറിയത്.

കഴിഞ്ഞ സര്‍ക്കാര്‍ സൃഷ്ടിച്ച എല്ലാ പഴുതുകളും അടയ്ക്കും. മന്ത്രിയറിയാതെ തീരുമാനങ്ങളൊന്നും ഉണ്ടാകരുത്. വിവാദ തീരുമാനങ്ങള്‍ക്കു പിന്നില്‍ എല്‍ഡിഎഫ് പ്രേതബാധയുള്ളവരാണെന്നും ലിജു കുറ്റപ്പെടുത്തി.

മുന്‍ എക്‌സൈസ് മന്ത്രി എം.ബി രാജേഷിനെയും മന്ത്രി ലിജു വിമര്‍ശിച്ചു. എം.ബി രാജേഷ് തൃപ്തനായ എക്‌സൈസ് മന്ത്രിയാണെന്നും താന്‍ അതൃപ്തനായ മന്ത്രിയെന്നും ലിജു പറഞ്ഞു. നാട്ടിൽ മദ്യം ഒഴുകുന്ന സമയത്ത് രാജേഷ് തൃപ്തനായിരുന്നു. നാടു മുഴുവന്‍ ബാറുകള്‍ അനുവദിച്ച എം.ബി രാജേഷിനോട് അതൃപ്തിയുണ്ട്. അഴിമതി ആരോപണം ഉണ്ടായപ്പോള്‍ കര്‍ശന നടപടിയെടുത്തു. നാടു മുഴുവന്‍ മദ്യം ഒഴുകിയപ്പോള്‍ രാജേഷ് തൃപ്തനായിരുന്നു. രാജേഷും പൂര്‍വികരും സൃഷ്ടിച്ച നിയമങ്ങളോട് അതൃപ്തിയുണ്ട് -മന്ത്രി പറഞ്ഞു.


Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News