40 വർഷത്തിന് ശേഷം കണ്ണൂർ മുണ്ടേരി പഞ്ചായത്ത് ഭരണം യുഡിഎഫിന്
സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെ പഞ്ചായത്താണ് മുണ്ടേരി
കണ്ണൂർ: മുണ്ടേരി പഞ്ചായത്ത് ഭരണം യുഡിഎഫിന്. 40 വർഷത്തിന് ശേഷമാണ് പഞ്ചായത്തിൽ യുഡിഎഫ് ഭരണം നേടുന്നത്. നറുക്കെടുപ്പിലൂടെ യുഡിഎഫിന്റെ സി.കെ റസീന പ്രസിഡന്റായി. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെ പഞ്ചായത്ത് ആണ്.
ഒപ്പത്തിനൊപ്പമെത്തിയ പഞ്ചായത്തിൽ വോട്ടെടുപ്പിലൂടെയാണ് യുഡിഎഫ് വിജയം നേടിയത്. വോട്ടെടുപ്പിൽ യുഡിഎഫ് 11 വോട്ടുകളും എൽഡിഎഫ് 10 വോട്ടുകളും നേടി. എൽഡിഎഫിന്റെ ഒരുവോട്ട് അസാധുവായി.
അതേസമയം, മൂപ്പൈനാട് പഞ്ചായത്തിലും എൽഡിഎഫിന് അവസാന നിമിഷത്തിൽ വൻ തിരിച്ചടി നേരിട്ടു. എൽഡിഎഫ് പിടിച്ചെടുത്ത പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ പ്രസിഡൻറ് സ്ഥാനം യുഡിഎഫിന് ലഭിച്ചു. യുഡിഎഫിൽ നിന്ന് 25 വർഷത്തിനുശേഷം എൽഡിഎഫ് പിടിച്ചെടുത്ത പഞ്ചായത്താണ് മൂപ്പൈനാട്. എൽഡിഎഫിന് ഒൻപത്, യുഡിഎഫിന് എട്ട് അംഗങ്ങളുമായിരുന്നു. ഒരു വോട്ട് അസാധുവായതിലൂടെ നറുക്കെടുപ്പ് നടത്തുകയായിരുന്നു. യുഡിഎഫിലെ സുധ ഇവിടെ പ്രസിഡൻറ് ആയി.
ഉദുമ പഞ്ചായത്തിലും അവസാനനിമിഷം നിർണായക നീക്കങ്ങൾ നടന്നു. യുഡിഎഫ് പ്രസിഡൻറ് സ്ഥാനാർഥി ചന്ദ്രൻ നാലാം വാതുക്കലിൻ്റെ വോട്ട് അസാധുവായി. എൽഡിഎഫ്- 11, യുഡിഎഫ്-12 എന്നിങ്ങനെ ആയിരുന്നു കക്ഷി നില. എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമായതോടെ നറുക്കെടുപ്പിൽ എൽഡിഎഫ് ജയിക്കുകയായിരുന്നു. നറുക്കെടുപ്പിൽ എൽഡിഎഫിൻ്റെ പി.വി രാജേന്ദ്രൻ പ്രസിഡൻ്റായി.