'ലോകത്തിലെ അറിയപ്പെടുന്ന ഡിപ്ലോമാറ്റ്, നിരവധി അവാർഡുകൾ ലഭിച്ച ബുദ്ധിജീവി': ശശി തരൂരിനെ വാനോളം പുകഴ്ത്തി എ.കെ ബാലൻ
'' ലോകത്തെ അറിയപ്പെടുന്നൊരു ഡിപ്ലോമാറ്റ്, അദ്ദേഹം പറഞ്ഞ കാര്യം വസ്തുതകൾക്ക് നിരക്കാത്തതാണെങ്കിൽ വസ്തുതകൾ വെച്ച് കൊണ്ടാണ് മറുപടി പറയേണ്ടത്''
തിരുവനന്തപുരം: വ്യവസായ മേഖലയുടെ യഥാർഥ വസ്തുത പൊതുസമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കുകയാണ് ശശി തരൂർ ചെയ്തതെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ ബാലൻ.
യുഡിഎഫ് ആരോപണങ്ങൾക്ക് ശക്തമായ മറുപടിയാണ് തരൂർ നൽകിയത്. ആധികാരിക രേഖകൾ വെച്ച് എഴുതിയ ലേഖനം എല്‍ഡിഎഫിന് അനുകൂലമാവും എന്ന ദുഷ്ടലാക്കാണ് യുഡിഎഫിനെന്നും ബാലൻ പറഞ്ഞു. ലോകം കണ്ട ബുദ്ധിജീവിയാണെന്നും നാല് തവണ തുടർച്ചയായി ലോക്സഭയിലേക്ക് ജയിച്ച വിപ്ലവകാരിയാണ് ശശി തരൂരെന്നും എ.കെ ബാലൻ കൂട്ടിച്ചേര്‍ത്തു. മഹാനായ ഡിപ്ലോമാറ്റാണ് ശശി തരൂരെന്നും അദ്ദേഹം പുകഴ്ത്തി.
തരൂരിന്റെ സര്‍ക്കാര്‍ വ്യവസായ സൗഹൃദ ലേഖനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ.കെ ബാലന്‍.
''ലോകത്തെ അറിയപ്പെടുന്നൊരു ഡിപ്ലോമാറ്റ്, അദ്ദേഹം പറഞ്ഞ കാര്യം വസ്തുതകൾക്ക് നിരക്കാത്തതാണെങ്കിൽ വസ്തുതകൾ വെച്ച് കൊണ്ടാണ് അതിനെ നേരിടാന്‍. ആധികാരിതമായ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ലേഖനം എഴുതിയത്''- എ.കെ ബാലൻ വ്യക്തമാക്കി.
ശശി തരൂരിന്റെ പ്രസ്താവന വസ്തുനിഷ്ഠമായ യാഥാര്‍ഥ്യമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജനും വ്യക്തമാക്കിയിരുന്നു. തരൂര്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച ഇ.പി, വിഷയം യഥാര്‍ത്ഥത്തില്‍ വഷളാക്കിയത് കോണ്‍ഗ്രസിന്റെ ചില നേതാക്കള്‍ അല്ലേ എന്നും ചോദിച്ചു. യുഡിഎഫിന്റെ രാഷ്ട്രീയ നേതൃത്വത്തിന് ശരിയായ നിലയില്‍ പ്രശ്‌നങ്ങളെ കാണാനോ സമീപിക്കാനോ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Watch Video Report