'എസ്എഫ്‌ഐ എബിവിപിക്ക് പഠിക്കുകയാണോ? ഞാൻ കമ്യൂണിസ്റ്റാണ്, അനീതി നോക്കിനിൽക്കില്ല'- അലൻ ഷുഹൈബ്

സുപ്രീം കോടതി നൽകിയ ജാമ്യം റദ്ദാക്കുകയെന്ന ഗൂഢലക്ഷ്യമാണ് പരാതിക്ക് പിന്നിലെന്നും സഹപാഠികളെ മർദ്ദിച്ചാൽ നോക്കി നിൽക്കാനാവില്ലെന്നും അലൻ പറഞ്ഞു.

Update: 2022-11-02 13:07 GMT
Editor : abs | By : Web Desk

കണ്ണൂർ: പാലയാട് കാമ്പസിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അലൻ ഷുഹൈബ് ജാമ്യം കിട്ടിയതിന് പിന്നാലെ എസ്എഫ്‌ഐക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. എസ്എഫ്‌ഐ എബിവിപിക്ക് പഠിക്കുകയാണോ. റാഗിങ് പരാതി വ്യാജമാണ് തീവ്രവാദിയാണെന്ന എസ്എഫ്‌ഐയുടെ സർട്ടിഫിക്കറ്റ് തനിക്ക് വേണ്ടെന്നും അലൻ പറഞ്ഞു.

''എസ്എഫ്‌ഐ എന്ത് ജാനാധിപത്യമാണ് പറയുന്നത്. ഞാൻ കമ്യൂണിസ്റ്റ് ആണ് അതുകൊണ്ടു അനീതിക്കെതിരെ പ്രതികരിക്കും. ബദ്‌റുവിനെ തല്ലുന്നത് കണ്ടാണ് ഞാൻ പോവുന്നത്. ഇവരുടെ അജണ്ടയാണ് എനിക്കെതിരെ നടപ്പാക്കുന്നത്'. സുപ്രീം കോടതി നൽകിയ ജാമ്യം റദ്ദാക്കുകയെന്ന ഗൂഡ ലക്ഷ്യമാണ് പരാതിക്ക് പിന്നിലെന്നും സഹപാഠികളെ മർദ്ദിച്ചാൽ നോക്കി നിൽക്കാനാവില്ലെന്നും അലൻ കൂട്ടിച്ചേർത്തു.

Advertising
Advertising

'മനുഷ്യനാകണം എന്ന് പ്രസംഗിക്കും എന്നിട്ട് സ്വന്തം സഹപ്രവർത്തകരെ തന്നെ ക്രൂരമായി അടിക്കും അതാണ് എസ്എഫ്‌ഐയുടെ രീതി. മുസ്ലിം നാമധാരികളാണെന്ന് പറഞ്ഞ് ഇവർ നാളെ ഇനിയും തീവ്രവാദ ആരോപണവുമായി വരും' അലൻ പറഞ്ഞു. 

കാമ്പസിലെ സംഘർഷത്തിൽ അറസ്റ്റിലായ അലൻ ഷുഹൈബ് അടക്കം മൂന്ന് പേർക്ക് ജാമ്യം ലഭിച്ചിരുന്നു. അലൻ ഷുഹൈബ്, ബദറുദ്ദീൻ, നിഷാദ് എന്നീ വിദ്യാർഥികളെയാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. അഥിൻ സുബിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് ജാമ്യം.റാഗിങ് പരാതി കോളേജിൽ നിന്നും കൈ മാറിയിട്ടില്ലന്ന് പോലീസ് പറഞ്ഞു.

അലൻ ഷുഹൈബിനെതിരായ പരാതി വ്യാജമെന്ന് സുഹൃത്ത് മുർഷിദ് പറഞ്ഞു. കഴിഞ്ഞ വർഷം താൻ എസ്എഫ്ഐക്കെതിരെ റാഗിംഗ് പരാതി നൽകിയിരുന്നു. ഇതിലുള്ള വിരോധമാണ് ഇപ്പോൾ തീർക്കുന്നതെന്നും മുർഷിദ് ആരോപിച്ചു. ഒന്നാം വർഷ വിദ്യാർത്ഥിയായ അഥിൻ, ബദ്രുദ്ദീനെയാണ് ആക്രമിച്ചതെന്നും അലൻ ഷുഹൈബ് ഇവരെ പിടിച്ചു വെക്കാൻ എത്തിയതാണെന്നും മുർഷിദ് പറയുന്നു. അതിനിടെ റാഗിംഗിനിരയായ അഥിൻ സുബിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. നിഷാദ്, ബദ്രുദ്ദീൻ, അലൻ ഷുഹൈബ് എന്നിവർക്കെതിരെയാണ് അഥിൻ സുബിയുടെ മൊഴി.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News