'എല്ലാവരും കാശ് വാങ്ങിയുള്ള പരിപാടിയാണിത്, ജീവന് ഒരു വിലയും ഇല്ല'; പ്രതിഷേധവുമായി നാട്ടുകാര്‍
ഗർഡർ ഘടിപ്പിക്കുന്നതിനിടെ താഴെ വീഴുകയായിരുന്നു
Photo| MediaOne
കൊച്ചി: ആലപ്പുഴ അരൂരിൽ ഗര്‍ഡര്‍ പിക്ക് അപ്പ് വാനിന് മുകളിലേക്ക് വീണ് ഒരാൾ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണ നടത്തുമെന്ന് എറണാകുളം കലക്ടർ. സാങ്കേതിക പ്രശ്നം മൂലമാണ് അപകടം നടന്നത്. ഗർഡർ ഘടിപ്പിക്കുന്നതിനിടെ താഴെ വീഴുകയായിരുന്നു. രാത്രി സമയങ്ങളിൽ ഗതാഗതം നിയന്ത്രണം ഉണ്ടാകാറുണ്ട്. അപകടം നടക്കുമ്പോഴുണ്ടായ സാഹചര്യം പരിശോധിക്കും. പൊലീസ് സുരക്ഷ ഉണ്ടായിരുന്നു. കൂടുതൽ പരിശോധനകൾ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയന്ത്രണങ്ങളും നടപടികളും പാലിക്കാതെയാണ് നിർമാണപ്രവർത്തനങ്ങൾ നടത്തിയതെന്ന് ആക്ഷേപമുണ്ട്. മുന്നെയും അപകടത്തിൽ മരണമുണ്ടായെന്നും ഗതാഗത നിയന്ത്രണം നിർമാണ കമ്പനി പാലിച്ചില്ലെന്നും നാട്ടുകാർ പറഞ്ഞു. വീഴ്ചയില്ലെന്നാണ് കരാർ കമ്പനിയുടെ വാദം.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. പിക്കപ്പ് വാൻ ഡ്രൈവർ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. . ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിൻ്റെ മുകളിലേക്കാണ് വീണത്. മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഗര്‍ഡര്‍ മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനെ തുടര്‍ന്ന് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.