'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; പ്രതികരണവുമായി 'അമ്മ'
രമ്യ നമ്പീശൻ,റിമ കല്ലിങ്കല്‍,പാര്‍വതി തുടങ്ങിയ താരങ്ങള്‍ അതിജീവിതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ പ്രതികരണവുമായി താരസംഘടനയായ 'അമ്മ'. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും കോടതിയെ ബഹുമാനിക്കുന്നുവെന്നും 'അമ്മ' സംഘടന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അതേസമയം, രമ്യ നമ്പീശൻ,റിമ കല്ലിങ്കല്‍,പാര്‍വതി തുടങ്ങിയ താരങ്ങള്‍ അതിജീവിതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. 'അവൾക്കൊപ്പം' എന്ന പോസ്റ്ററാണ് താരങ്ങള്‍ ഫേസ്ബുക്കിൽ പങ്കുവെച്ചത്.
നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ടു. പള്‍സർ സുനി അടക്കം ആറ് പ്രതികള്‍ കുറ്റക്കാരാണെന്നും എറണാകുളം സെഷന്‍സ് കോടതി കണ്ടെത്തി.പ്രതികള്‍ക്കുള്ള ശിക്ഷ 12 ന് വിധിക്കും. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചന , തെളിവ് നശിപ്പിക്കല്‍ എന്നീ രണ്ട് കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപിനെ വെറുതെ വിടന്നതായി ജഡ്ജി ഹണി എം വർഗീസ് ഉത്തരവിട്ടു.
കോടതിക്ക് പുറത്ത് കാത്തുനിന്ന ആരാധകരെ അഭിവാദ്യം ചെയ്ത് പുറത്തിറങ്ങിയ ദിലീപ് തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് പ്രതികരിച്ചു.ഏഴാം പ്രതി ചാർളി തോമസ്, മേസ്തിരി സനില്‍, ശരത് ജി നായർ എന്നിവരെയും കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി പള്‍സർ സുനി, രണ്ടാം പ്രതി മാർട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി.മണികണ്ഠന്‍, നാലാം പ്രതി വി.പി വിജീഷ്, അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.