ആശങ്കയേറ്റി വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം: സുൽത്താൻ ബത്തേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരത്ത് ഇന്നലെ മരിച്ചയാൾക്ക് അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയമുണ്ട്
കോഴിക്കോട്/തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു.വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ 45 -കാരനാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഏഴാമത്തെയാൾക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്..കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. മലപ്പുറം ചേലമ്പ്രം സ്വദേശിയായ യുവാവ് കഴിഞ്ഞ 21 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മസ്തിഷ്ക ജ്വരം ബാധിച്ച മരിച്ച താമരശ്ശേരി സ്വദേശിയായ കുട്ടിയുടെ ഏഴു വയസുള്ള സഹോദരനും ചികിത്സയിലാണ്. ഈ കുട്ടിയുടെ മൂത്ത സഹോദരനും രോഗ ലക്ഷണങ്ങളോടെ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ്.
മലപ്പുറം സ്വദേശിയായ 49 കാരനും ചേളാരി സ്വദേശിയായ പതിനൊന്നുകാരിയും അന്നശ്ശേരി സ്വദേശിയായ 38കാരനുമാണ് അമീബിക് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മറ്റുള്ളവർ.
ഇതിനിടെയാണ് തിരുവനന്തപുരത്ത് ബാലരാമപുരം സ്വദേശിയായ 49കാരൻ പനി ബാധിച്ച് മരിച്ചത്. കാലിലെ മുറിവിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരന്നു. അമീബിക് മസ്തിഷ്ക ജ്വരമാണെന്ന സംശയത്തില്‍ ജലാശയങ്ങളിലെ വെള്ളം പരിശോധനയ്ക്ക് അയച്ചു.സമീപത്തെ കുളങ്ങളിൽ ഇറങ്ങരുതെന്ന് ആരോഗ്യ വകുപ്പ് സമീപവാസികള്‍ക്ക് മുന്നറിയിപ്പ് നൽകി.
രോഗ ബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണ്. പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.