അങ്കമാലി - ശബരി റെയിൽപാത: കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ

കേന്ദ്ര റെയിൽവേമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രിയും വി. അബ്ദുറഹ്മാനും

Update: 2024-08-08 12:32 GMT

തിരുവനന്തപുരം: അങ്കമാലി - ശബരി റെയിൽപാത വിഷയത്തിൽ കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ. കേന്ദ്ര റെയിൽവേമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രിയും മന്ത്രി വി. അബ്ദുറഹ്മാനും അഭിപ്രായപ്പെട്ടു. കേന്ദ്രമന്ത്രി പറഞ്ഞത് വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പദ്ധതി പ്രഖ്യാപിച്ചപ്പോൾ മുതൽ സംസ്ഥാന സർക്കാർ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും അലംഭാവം കാണിച്ചത് കേന്ദ്രസർക്കാരും റെയിൽവേയുമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. പദ്ധതിയിൽ നിന്ന് കേന്ദ്രം ഒളിച്ചോടുകയാണെന്നും അ​ദ്ദേഹം പറഞ്ഞു.

Advertising
Advertising

റെയിൽ വികസനപദ്ധതികൾക്ക് സംസ്ഥാന‌ സർക്കാർ സജീവമായ പിന്തുണ നൽകുന്നുണ്ടെന്ന് പറഞ്ഞ അബ്ദുറഹ്മാൻ പദ്ധതിയിൽ അലംഭാവം കാണിക്കുന്നത് കേന്ദ്രസർക്കാരാണെന്നും പദ്ധതി നീണ്ടുപോകുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും പറഞ്ഞു. അങ്കമാലി - ശബരി റെയിൽപാത വിഷയത്തിൽ പലതവണ മുഖ്യമന്ത്രി അടക്കമുള്ളവർ കേന്ദ്രത്തിന് കത്തെഴുതിയാണെന്നും കിഫ്ബിയുടെ ബാധ്യത സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്നും ഒഴിവാക്കിയാൽ ശബരി പാതയുടെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള ചിലവിന്റെ 50% സംസ്ഥാനം വഹിക്കാൻ സന്നദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി.

1997-98 ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് അങ്കമാലി -ശബരി പാത. അലൈൻമെന്റ് അംഗീകരിക്കുകയും അങ്കമാലി മുതൽ രാമപുരം വരെയുള്ള 70 കിലോ മീറ്ററിൽ സ്ഥലം ഏറ്റെടുക്കൽ തുടങ്ങുകയും ചെയ്തതതാണ്. പദ്ധതി ചിലവിന്റെ 50% സംസ്ഥാന സർക്കാർ വഹിക്കാമെന്ന് ഉറപ്പു നൽകിയതാണ്. എന്നിട്ടും പദ്ധതിയുമായി മുന്നോട്ടു പോകാതെ കേന്ദ്രം അലംഭാവം കാണിക്കുകയായിരുന്നു. പദ്ധതി നീണ്ടുപോയതിന്റെ ഉത്തരവാദിത്തം ആർക്കാണെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കണമെന്ന് മന്ത്രി അബ്ദുറഹ്മാൻ ആവശ്യപ്പെട്ടു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News