'വെറ്റിലയും ചുണ്ണാമ്പും നൽകിയാൽ ആദിവാസികൾ വോട്ട് ചെയ്യുമെന്ന ധാരണയിലാണ് ബി.ജെ.പി'; തെര. കമ്മീഷൻ നടപടിയെടുക്കണമെന്ന് ആനിരാജ

ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നത് കോളനികളിലുള്ള മനുഷ്യരെ വില കുറച്ച് കാണുന്നതിന് തെളിവാണെന്നും ആനി രാജ

Update: 2024-04-25 03:54 GMT
Editor : Lissy P | By : Web Desk
Advertising

വയനാട്: തെരഞ്ഞെടുപ്പ് തലേന്ന് വയനാട്ടിൽ ആദിവാസി കോളനികളിൽ ബി.ജെ.പി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നത് കോളനികളിലുള്ള മനുഷ്യരെ വില കുറച്ച് കാണുന്നതിന് തെളിവാണെന്ന് എല്‍.ഡി.എഫ് സ്ഥാനാർഥി ആനി രാജ. വെറ്റിലയും ചുണ്ണാമ്പും നൽകിയാൽ ആദിവാസികൾ വോട്ട് ചെയ്യുമെന്ന ധാരണയിലാണ് ബി.ജെ.പി. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടിയെടുക്കണമെന്നും ആനിരാജ ആവശ്യപ്പെട്ടു. 

 വയനാട്ടിൽ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി.ജെ.പി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നതായാണ് ആരോപണം. വിതരണത്തിന് തയാറാക്കിയ ആയിരത്തിയഞ്ഞൂറോളം കിറ്റുകള്‍ സുൽത്താൻ ബത്തേരിയില്‍ നിന്ന് പിടികൂടി. മാനന്തവാടി അഞ്ചാം മൈലിലെയും കല്‍പ്പറ്റ മേപ്പാടി റോഡിലെയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് സമാനമായ രീതിയില്‍ കിറ്റുകള്‍ വിതരണത്തിന് കൊണ്ടുപോയതായും പരാതിയുണ്ട്.

 കിറ്റ് തയ്യാറാക്കിയത് ബി.ജെ.പിയാണെന്ന് ടി.സിദ്ധിഖ് എം.എല്‍.എ ആരോപിച്ചു. 1500 കിറ്റുകൾക്ക് ഓർഡർ നൽകിയത് ബി.ജെ.പി പ്രാദേശിക നേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചു.'ആദിവാസി കോളനികളിലെ വോട്ട് പിടിക്കാനാണ് കിറ്റ് തയ്യാറാക്കിയത്, സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് സുൽത്താൻ ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നിൽ ലോറിയിൽ കയറ്റിയ നിലയിൽ ആവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ കണ്ടെത്തിയത്. പഞ്ചസാര, ചായപ്പൊടി, വെളിച്ചെണ്ണ, സോപ്പ്, സോപ്പ് പൊടി, ബിസ്ക്കറ്റ്, റസ്ക് തുടങ്ങിയവയായിരുന്നു കിറ്റിലുണ്ടായിരുന്നത്. ചില കിറ്റുകളില്‍ വെറ്റില, അടക്ക, പുകയില എന്നിവയും കണ്ടെത്തി. വയനാട്ടിലെ ആദിവാസി കോളനികളില്‍ വിതരണം ചെയ്യാനാണ് കിറ്റുകള്‍ തയാറാക്കിയതെന്നും ബി.ജെ.പി പ്രാദേശിക നേതാക്കളാണ് കിറ്റുകള്‍ക്കായി ഓര്‍ഡര്‍ നല്‍കിയതെന്നുമാണ് ആരോപണം. മാനന്തവാടി അഞ്ചാം മൈലിലും കല്‍പ്പറ്റ മേപ്പാടി റോഡിലും പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

Full View



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News