വീണ്ടും ഐപിഎസ് വോട്ട് തേടൽ; ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖയ്ക്കെതിരെ വീണ്ടും പരാതി
ശാസ്തമംഗലം വാർഡിലെ ആം ആദ്മി പാർട്ടി സ്ഥാനാർഥി രശ്മി റ്റി.എസാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്
തിരുവനന്തപുരം: ശാസ്തമംഗലത്തെ ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖയ്ക്കെതിരെ വീണ്ടും പരാതി. ഐപിഎസ് ഉദ്യോഗസ്ഥ എന്ന പേരിൽ നോട്ടീസുകൾ വീടുകളിൽ വിതരണം ചെയ്തു എന്നാണ് പരാതി. ശാസ്തമംഗലം വാർഡിലെ ആം ആദ്മി പാർട്ടി സ്ഥാനാർഥി രശ്മി റ്റി.എസാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
പ്രിൻ്റ് ചെയ്ത വസ്തുക്കൾ പിടിച്ചെടുക്കണമെന്നും സ്ഥാനാർത്ഥിയെ അയോഗ്യയാക്കണമെന്നും പരാതിയിൽ ആവശ്യം. നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി.
ശ്രീലേഖയുടെ പേരിനൊപ്പം 'ഐപിഎസ്' എന്ന പദവി ഉപയോഗിക്കരുതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം. പ്രചാരണ ബോർഡുകളിലും മറ്റും പേരിനൊപ്പം ഉപയോഗിച്ചിരുന്ന ഐപിഎസ് പദവി നീക്കം ചെയ്യാനാണ് കമ്മീഷൻ ആവശ്യപ്പെട്ടത്. ആം ആദ്മി പാർട്ടി നൽകിയ പരാതിയിലാണ് നടപടി.
തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ സെലിബ്രിറ്റി സ്ഥാനാർഥിയാണ് ശ്രീലേഖ. ശ്രീലേഖയുടെ പ്രചരണത്തിലധികവും ഐപിഎസ് ചേർത്ത പോസ്റ്ററുകളാണുണ്ടായിരുന്നത്. ഔദ്യോഗിക പദവികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത് ചട്ടലംഘനമായതിനാലാണ് കമ്മീഷൻ ഇടപെടൽ. നിലവിലുള്ള പ്രചാരണ ബോർഡുകളിൽ നിന്ന് ഐപിഎസ് എന്ന് നീക്കം ചെയ്തോ ഐപിഎസിനൊപ്പം റിട്ടയേഡ് എന്ന് ചേർത്തോ നിയമക്കുരുക്കിനെ മറികടക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷ കൂടിയായ ശ്രീലേഖയെ പാർട്ടി മേയറായി ഉയർത്തിക്കാണിക്കുന്ന സ്ഥാനാർഥി കൂടിയാണ്.