'എല്ലാവർക്കും നന്ദി': അസോസിയേറ്റ് അംഗമാക്കിയതിൽ യുഡിഎഫ് നേതാക്കൾക്ക് അഭിവാദ്യങ്ങൾ നേർന്ന് അൻവർ
പി.വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെയും സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയെയും യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയുള്ള പ്രഖ്യാപനം പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് നടത്തിയത്.
മലപ്പുറം: സന്തോഷകരമായ ദിനമെന്ന് പി.വി അൻവർ. തൃണമൂല്‍ കോൺഗ്രസിനെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയതിൽ എല്ലാവരോടും നന്ദിയെന്നും പി.വി അൻവർ വ്യക്തമാക്കി.
'ഞാൻ പണ്ട് പറഞ്ഞ പല കാര്യങ്ങളും പിന്നീട് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ടു. കേരളത്തിൻ്റെ മതേതര സ്വഭാവത്തിൻ്റെ കടയ്ക്കൽ കത്തി വെക്കുന്ന നിലപാട്, ഒരു ഇടത് പക്ഷ മുഖ്യമന്ത്രിയിൽ നിന്നുണ്ടായി എന്നറിഞ്ഞ ജനങ്ങളാണ് പിണറായിക്കെതിരെ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതെന്നും അന്‍വര്‍ പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പിണറായിസത്തിനെതിരെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും സഖാക്കളടക്കം വോട്ട് ചെയ്യും. പിണറായിസത്തെയും മരുമോനിസത്തെയും തോൽപ്പിക്കാൻ യുഡിഎഫിനൊപ്പം നിൽക്കും. താൻ മത്സരിക്കുന്നതിനേക്കാളും പ്രധാനം യുഡിഎഫ് അധികാരത്തിലെത്തുന്നതാണ്. യുഡിഎഫ് എവിടെ പറഞ്ഞാലും മത്സരിക്കും. ഇനി മത്സരിക്കേണ്ട എന്ന് പറഞ്ഞാൽ മത്സരിക്കില്ല''- അദ്ദേഹം വ്യക്തമാക്കി.
പി.വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെയും സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയെയും യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയുള്ള പ്രഖ്യാപനം പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് നടത്തിയത്.
കൊച്ചിയില്‍ നടന്ന യുഡിഎഫ് യോഗത്തിലാണ് ധാരണയായതായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പ്രഖ്യാപിച്ചത്. വരുംദിവസങ്ങളിൽ ഇടതു സഹയാത്രികർ ഉൾപ്പെടെ ഒട്ടേറെ പേർ യുഡിഎഫിന്റെ ഭാഗമാകുമെന്ന് കൊച്ചിയിൽ യുഡിഎഫ് ഏകോപന സമിതിയോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേരത്തെ ഒരുങ്ങാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. സീറ്റ് വിഭജനം നേരത്തെ തീർക്കും. ജനുവരിയിൽ സീറ്റ് വിഭജനം തീർക്കാൻ യോഗത്തിൽ ധാരണയായിട്ടുണ്ട്.