റാഗിംഗ് പരാതിപ്പെടാൻ മിഹിറിന്റെ പേരിൽ ആപ്പ് തുടങ്ങണം: നിവേദനം സമർപ്പിച്ച് എഫ്.ഡി.സി.എ

പ്രത്യേക ഹെൽപ് ലൈൻ നമ്പർ, സ്കൂളുകളിൽ കൗൺസിലറുടെ സാന്നിധ്യം തുടങ്ങിയ നിർദേശങ്ങളും നിവേദനത്തിൽ

Update: 2025-02-08 11:34 GMT
Editor : സനു ഹദീബ | By : Web Desk

എറണാകുളം: സംസ്ഥാനത്തെ വിദ്യാര്‍ഥികളിലെ വര്‍ധിച്ചുവരുന്ന ആത്മഹത്യാ പ്രവണത തടയാൻ ആപ്പ് തുടങ്ങണമെന്ന് ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്മ്യൂണൽ അമിറ്റി വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം സമർപ്പിച്ചു. തൃപ്പൂണിത്തുറയിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങളിൽ കുട്ടികള്‍ നേരിടുന്ന ബുള്ളിയിംഗ് പോലുള്ളവ പരാതിപ്പെടാനും വേഗത്തില്‍ പരിഹരിക്കാനും കഴിയുന്ന വിധത്തിൽ മിഹിറിന്റെ പേരിൽ ആപ്പ് തുടങ്ങണമെന്നാണ് ആവശ്യം.

കുട്ടികൾ നേരിട്ടുന്ന നാനാതരം ശാരീരിക മാനസിക പീഡനങ്ങൾ സുഗമവും സുതാര്യമായി പരാതിപ്പെടാനും ഉത്തരവാദികളായവരെ വേഗത്തിൽ നിയമത്തിനു മുന്നിൽ കൊണ്ട് വരാനും ഇതിലൂടെ സാധ്യമാകുമെന്ന് നിവേദനത്തിൽ പറയുന്നു. വിഷയത്തിൽ ഉടൻ കാര്യക്ഷമമായ ഇടപെടലുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി എഫ്.ഡി.സി.എ സംഘത്തിന് ഉറപ്പുനൽകി.

Advertising
Advertising

കുട്ടികൾ നേരിടുന്ന ബുള്ളിയിംഗും വിവേചനവും അടക്കമുള്ള പ്രശ്‍നങ്ങൾ പരാതിപ്പെടാനും വേഗത്തിൽ പരിഹരിക്കാനും ആയി ചില നിർദേശങ്ങളും നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക ഹെൽപ് ലൈൻ നമ്പർ, സ്കൂളുകളിൽ കൗൺസിലറുടെ സാന്നിധ്യം, വിദഗ്‌ധരുടെ പ്രാതിനിധ്യമുള്ള അധ്യാപക-രക്ഷാകർതൃ ഇൻ്റേണൽ സംവിധാനം തുടങ്ങിയ നിർദേശങ്ങളാണ് നിവേദനത്തിൽ മുന്നോട്ട് വെച്ചിട്ടുള്ളത്.

രാജ്യത്ത് ഓരോ 42 മിനിറ്റിലും ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്യുന്നു എന്നാണ് 2020ലെ നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ (എൻസിആർബി) കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. അതായത്, പ്രതിദിനം 34ൽ അധികം വിദ്യാർത്ഥികൾ വിവിധ കാരണങ്ങളാൽ ജീവനൊടുക്കുന്നു. ആത്മഹത്യ ബോധവത്കരണ പരിപാടികൾ കൊണ്ട് മാത്രം ഈ പ്രവണത പരിഹരിക്കാനാവില്ല. സർക്കാർ സംവിധാനങ്ങൾ സമയത്ത് ഇടപെടുകയും പ്രശ്നങ്ങൾ പരിഹരിക്കുകയുമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായത് എന്നും നിവേദനം ചൂണ്ടിക്കാട്ടുന്നു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News