'ഞങ്ങൾക്ക് അരിവാള് കൊണ്ടും ചില പണികളൊക്കെ അറിയാം'; കൊലവിളി പ്രസംഗവുമായി ഏരിയ കമ്മിറ്റി അംഗം
ചെറുവിരലനക്കിയാൽ നിങ്ങളുടെ വീട്ടിൽ കയറി നിരങ്ങും
കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ കൊലവിളി പ്രസംഗവുമായി ഏരിയ കമ്മിറ്റി അംഗം. സിപിഎം ബേപ്പൂര്‍ ഏരിയ കമ്മിറ്റി അംഗം സമീഷാണ് കൊലവിളി നടത്തിയത്. 'ഞങ്ങൾക്ക് അരിവാള് കൊണ്ടും ചില പണികളൊക്കെ അറിയാം' എന്നാണ് സമീഷ് വെല്ലുവിളിച്ചത്. ഫറോക്ക് മുനിസിപ്പാലിറ്റി 39ാം വാർഡിലാണ് സംഭവം.
പ്രകോപനം തുടർന്നാൽ വീട്ടിൽ കയറി നിരങ്ങും, അരിവാളുകൊണ്ട് വേറെ ചില പണികൾ അറിയാം, ഞങ്ങൾ ഇറങ്ങിയാൽ മുസ്‍ലിം ലീഗ് പിറ്റേദിവസം കരിദിനം ആചരിക്കേണ്ടിവരും തുടങ്ങിയ തുടങ്ങിയ പരാമർശങ്ങളാണ് പ്രസംഗത്തിൽ ഉണ്ടായത്.
''ചെറുവിരലനക്കിയാൽ നിങ്ങളുടെ വീട്ടിൽ കയറി നിരങ്ങും. ആ ഒരവസ്ഥ നിങ്ങളിവിടെ ഉണ്ടാക്കരുത്. ഇവിടെ ലീഗിന്‍റെ പൊന്നാപുരം കോട്ടകളൊക്കെ തന്നെ സിപിഎമ്മും എൽഡിഎഫും ജയിച്ചു മുന്നേറിയിട്ടുണ്ട്. ആ കാലത്തൊന്നും ആ പ്രദേശത്തൊന്നും ഒരു കുഴപ്പവും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടക്കും. വോട്ട് അധികം കിട്ടിയവര്‍ ജയിക്കും.
അതിന് അക്രമത്തിന്‍റെ പാത സ്വീകരിച്ചാൽ അത് ഞങ്ങൾ തടയും. ഞങ്ങളുടെ സഖാക്കൾ ഉശിരാര്‍ന്ന പ്രവര്‍ത്തനം ഇന്ന് മുതൽ ഇവിടെ സംഘടിപ്പിക്കും. ആ പ്രവര്‍ത്തനത്തിൽ ഏതെങ്കിലും തരത്തിൽ തടസം സൃഷ്ടിക്കാൻ നോക്കിയാൽ നിങ്ങള് നാല് വാര്‍ഡ് ജയിച്ചതുകൊണ്ട് സിപിഎമ്മുകാരുടെ കൊടി മടക്കിയിരിക്കണമെന്ന് തീട്ടുരമിറക്കാൻ നീ ആരാണെടാ ലീഗേ...ആരാണ്ടാ ലീഗേ...ഈ മൂരി ലീഗിനെ ഈ മണ്ണിൽ തന്നെ ഞങ്ങൾ മുട്ടുകുത്തിക്കും'' എന്നായിരുന്നു പ്രസംഗം.
മുസ്‍ലിംലീഗിന്‍റെ വിജയാഹ്ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടിച്ചതും ആയി ബന്ധപ്പെട്ട് സംഘർഷം ഉണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് നടത്തിയ സിപിഎം പ്രകടനത്തിനിടെയാണ് പ്രകോപനപരമായ പ്രസംഗം. ഫറോക്ക് മുനിസിപ്പാലിറ്റിയിൽ നാലു വാർഡുകൾ സിപിഎമ്മിൽ നിന്ന് ലീഗ് പിടിച്ചെടുത്തിരുന്നു.
മലപ്പുറത്തും സിപിഎം നേതാവിന്‍റെ കൊലവിളി പ്രസംഗം. വളവന്നൂർ കുറുങ്കാടാണ് സംഭവം. തദ്ദേശ തെരഞ്ഞെടുപ്പിൽ എട്ടാം വാർഡിന്‍റെ വിജയാഘോഷ പരിപാടിയിലാണ് മുൻ മെമ്പറും സിപിഎം നേതാവുമായ വി.ഫൈസലിന്‍റെ കൊലവിളി പ്രസംഗം. തങ്ങൾക്ക് നേരെ വന്നാൽ കയ്യും കാലും വെട്ടുമെന്നാണ് ഭീഷണി.
അതിനിടെ മലപ്പുറം വളാഞ്ചേരിയിൽ യൂത്ത് ലീഗ് പ്രാദേശിക നേതാവ് ശിഹാബുദ്ദീനും കൊലവിളി പ്രസംഗം നടത്തി. മുസ്‍ലിം ലീഗ് പ്രവർത്തകർക്ക് നേരെ കയ്യോങ്ങിയാൽ ആ കൈകൾ വെട്ടിമാറ്റുമെന്നുംവീട്ടിൽ കയറി കാൽ തല്ലിയൊടിക്കുമെന്നുമാണ് ഭീഷണി. വളാഞ്ചേരി നഗരസഭ മുൻ കൗൺസിലറാണ് ശിഹാബുദ്ദീൻ.