Writer - രാഗേന്ദു പി.ആർ
Web Journalist
കൊച്ചി:പ്രമാദമായ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിധി 12ന്. എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക. വിധി പറയാനുള്ള നടപടിക്രമങ്ങള്‍ നവംബര്‍ ഒമ്പതിന് ആരംഭിക്കും. സിപിഎം നേതാക്കളായ പി. ജയരാജന്‍, ടി.വി രാജേഷ്, എംവി ഗോവിന്ദന്‍റെ മകന്‍ ശ്യാംജിത്ത് ഉള്‍പ്പെടെ 33 പേരാണ് പ്രതികള്‍. രണ്ടു പേര്‍ മരിച്ചതിനാല്‍ 31 പേരാണ് വിചാരണ നേരിട്ടത്. കൊച്ചി സിബിഐ സ്പെഷ്യല്‍ കോടതി മൂന്ന് ജഡ്ജ് പി ശബരിനാഥ് മുമ്പാകെ 2025 മെയ് അഞ്ചിനാണ് വിചാരണ നടപടികള്‍ ആരംഭിച്ചത്.
മുസ്‌ലിം ലീഗ് വിദ്യാര്‍ഥി വിഭാഗമായ എംഎസ്എഫിന്റെ പ്രാദേശിക പ്രവര്‍ത്തകനായിരുന്ന ഷുക്കൂര്‍ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്. പി. ജയരാജനും രാജേഷും ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു സംഭവം. ചെറുകുന്ന് കീഴറയില്‍ വച്ചാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്.
പട്ടുവം അരിയില്‍ പ്രദേശത്ത് മുസ്‌ലിം ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റയാളെ കാണാൻ എത്തിയതായിരുന്നു സിപിഎം നേതാക്കൾ. ഈ സംഭവത്തില്‍ പങ്കെടുത്തെന്ന പേരിലാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയത്.
വാഹനം ആക്രമിക്കപ്പെട്ട ശേഷം ജയരാജനും രാജേഷും പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയിലാണ് ആക്രമണത്തിന് ആസൂത്രണം നടന്നതെന്നാണ് കുറ്റപത്രം. അന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു പി. ജയരാജന്‍. തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സിപിഎം പ്രാദേശിക നേതാക്കള്‍ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. 17 മാസം നീണ്ടു നിന്ന വിചാരണയില്‍ 41 സാക്ഷികളെയാണ് വിസ്തരിച്ചത്.