ആക്ഷന്‍ ഹീറോ ബിജു സാമ്പത്തിക തര്‍ക്കത്തിൽ ഒത്തുതീര്‍പ്പ്; നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കി

നിര്‍മാതാവ് പിഎസ് ഷംനാസിനെതിരെ പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസും റദ്ദാക്കി

Update: 2026-10-28 08:02 GMT

കൊച്ചി: ആക്ഷന്‍ ഹീറോ ബിജു സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കം ഒത്തുതീര്‍പ്പായി. നടന്‍ നിവിന്‍ പോളി, സംവിധായകന്‍ എബ്രിഡ് ഷൈന്‍ എന്നിവരും നിര്‍മാതാവ് പി.എസ് ഷംനാസും തമ്മിലുള്ള 1. 9 കോടി രൂപയുടെ സാമ്പത്തിക തര്‍ക്കമാണ് അവസാനിച്ചത്.

ഒത്തുതീര്‍പ്പ് ധാരണയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഹൈക്കോടതി റദ്ദാക്കി. നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ തലയോലപ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ആണ് റദ്ദാക്കിയത്. നിര്‍മാതാവ് പിഎസ് ഷംനാസിനെതിരെ പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസും റദ്ദാക്കി.

Advertising
Advertising

നേരത്തെ നിവിന്‍ പോളിയെ വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ ഷംനാസിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയിരുന്നു. ആക്ഷന്‍ ഹീറോ ബിജു-2 എന്ന ചിത്രത്തിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട തർക്കമാണ് വ്യാജ കേസിൽ കലാശിച്ചത്.

2024 ജൂലൈ 29നാണ് കോടതിയെ തെറ്റിദ്ധരിപ്പിക്കുംവിധം രേഖകള്‍ ഹാജരാക്കി നടന്‍ നിവിന്‍ പോളിക്കെതിരെ പരാതി നല്‍കിയ നിര്‍മാതാവ് പി.എസ് ഷംനാസിനെതിരെ വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കോടതിയില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയതിനും കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധം രേഖകള്‍ ഹാജരാക്കിയതിനും എതിരെയായിരുന്നു അന്വേഷണം.

ആക്ഷന്‍ ഹീറോ ബിജു-2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2023ല്‍ നിവിന്‍ പോളി, സംവിധായകന്‍ എബ്രിഡ് ഷൈന്‍, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവര്‍ ഒപ്പിട്ട കരാറില്‍ സിനിമയുടെ എല്ലാത്തരം അവകാശങ്ങളും നിവിന്‍ പോളിയുടെ നിര്‍മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. ഇക്കാര്യം മറച്ചുവച്ച് ഫിലിം ചേംബറില്‍ നിന്നും ചിത്രത്തിന്‍റെ പേരിന്‍റെ അവകാശം ഷംനാസ് സ്വന്തമാക്കി. ഇതിനായി നിവിന്‍ പോളിയുടെ ഒപ്പ് വ്യാജമായി ചേര്‍ത്ത രേഖ ഹാജരാക്കുകയും ചെയ്തു.

ഫിലിം ചേംബറില്‍ നിന്നും കിട്ടിയ രേഖ ഹാജരാക്കി സിനിമയുടെ പൂര്‍ണാവകാശം തനിക്കാണെന്ന് ഷംനാസ് വൈക്കം കോടതിയില്‍ നൽകിയ സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടിരുന്നു. ഈ കേസില്‍ നിവിന്‍ പോളിക്കെതിരെ എഫ്ഐആര്‍ ഇടാനുള്ള ഉത്തരവ് നേടുകയും ചെയ്തു.

ഇതിനായി കോടതിയെ തെറ്റിദ്ധരിപ്പിക്കുംവിധമുള്ള രേഖകളാണ് ഹാജരാക്കിയതെന്ന് ബോധ്യപ്പെട്ട കോടതി, ഷംനാസിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. നിവിന്‍ പോളിക്കെതിരെ എഫ്ഐആര്‍ ഇടാന്‍ ഉത്തരവിട്ട അതേ കോടതിയാണ്, ആ വിധി കോടതിയെ തെറ്റിദ്ധരിപ്പിച്ചതിലൂടെ നേടിയതാണെന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ഷംനാസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News