'വിമര്‍ശിച്ചവര്‍ തന്നെ പിന്നീട് ക്ഷമ ചോദിക്കുന്നു'; 'രാമായണ'യിലെ പുതിയ വിവാദത്തില്‍ എ.ആര്‍ റഹ്മാന്‍

ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ 'മംഗൽ രംഗ്' എന്ന ഗാനമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം

Update: 2026-10-27 11:12 GMT

നിതീഷ് തിവാരിയുടെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'രാമായണ'. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ 'മംഗൽ രംഗ്' എന്ന ഗാനമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ഗാനത്തിന്റെ ഖവ്വാലി ശൈലിയാണ് സംഗീത പ്രേമികള്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കിയിരിക്കുന്നത്.

പുരാണകാവ്യമായ രാമായണം സിനിമയാകുമ്പോള്‍ അതില്‍ സൂഫി-ഖവ്വാലി ശൈലിയിലുള്ള ഗാനങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് ഇക്കൂട്ടര്‍ പറയുന്നു. ശ്രേയ ഘോഷാലും അരിജിത് സിങ്ങും ചേര്‍ന്ന് ആലപിച്ച മംഗൽ രംഗിന് റഹ്മാന്റെ തന്നെ 'കുന്‍ ഫയാ കുന്‍' എന്ന ഗാനവുമായി സാദൃശ്യമുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Advertising
Advertising

എന്നാല്‍ വിവാദമായ ഗാനത്തില്‍ ശാസ്ത്രീയ സംഗീതത്തിലെ സരിഗമപ പ്രയോഗങ്ങളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി റഹ്മാന്‍ ആരാധകരും രംഗത്തെത്തി. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ മറ്റു രണ്ട് ഗാനങ്ങളും വിവാദങ്ങളില്‍ ഇടംപിടിച്ചിരുന്നു.

സെപ്റ്റംബറില്‍ പുറത്തിറങ്ങിയ 'ജയ് ജയ് റാം' എന്ന ഗാനവും തുടര്‍ന്നിറങ്ങിയ 'രാവണ താണ്ഡവ'വുമാണ് വിവാദമായത്. രാവണ താണ്ഡവത്തിന് പ്രതീക്ഷിച്ച ഗാംഭീര്യം ലഭിച്ചില്ലെന്നായിരുന്നു വിമര്‍ശനം.

റഹ്മാനും ഓസ്‌കര്‍ ജേതാവായ ഹാന്‍സ് സിമ്മറും ചേര്‍ന്നാണ് രാമായണയിലെ ഗാനങ്ങള്‍ ഒരുക്കുന്നത്. ഇത് സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ രണ്ട് ഓസ്‌കര്‍ ജേതാക്കളായ കലാകാരന്മാര്‍ കൈ വെച്ചിട്ടും രാമായണയിലെ ഗാനങ്ങള്‍ വിവാദമായതിന് പിന്നില്‍ സംസ്‌കാരത്തെ കുറിച്ചുള്ള അറിവില്ലായ്മയാണെന്ന് വിമര്‍ശകര്‍ പറയുന്നു.

അതേസമയം വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കാന്‍ തനിക്ക് സമയവും ഊര്‍ജവുമില്ലെന്ന് റഹ്മാന്‍ പ്രതികരിച്ചു. വിമര്‍ശനങ്ങളില്‍ അസ്വസ്ഥനാകുന്നില്ലെന്നും കഠിനമായ പരീക്ഷണങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും ഒടുവിലാണ് ഒരു ഗാനം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നും റഹ്മാന്‍ പറയുന്നു.

വിമര്‍ശിച്ചവര്‍ പോലും പിന്നീട് ആശംസിക്കുകയും പ്രശംസിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്യുന്നത് മകന്‍ ചൂണ്ടിക്കാട്ടാറുണ്ട്. വളരെ ആത്മാര്‍ത്ഥമായാണ് താന്‍ ജോലി ചെയ്തിരിക്കുന്നത്. പ്രേക്ഷകര്‍ അത് ആഘോഷിക്കുമെന്നാണ് കരുതുന്നതെന്നും റഹ്മാന്‍ പറഞ്ഞു.

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News