ഒളിച്ചുനിന്ന് പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ പിടികൂടിയത് കൂട്ടായ പരിശ്രമത്തിനൊടുവിൽ

ഒളിവിൽ കഴിയവെ പൊലീസിനെ പരസ്യമായി വെല്ലുവിളിച്ചും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ച ആയങ്കിയുടെ നീക്കങ്ങൾ പൊലീസിന് വലിയ അഭിമാന പ്രശ്നമായി മാറിയിരുന്നു

Update: 2026-08-09 01:17 GMT

കണ്ണൂർ: ഒളിച്ചുനിന്ന് പൊലീസിനെ പരസ്യമായി വെല്ലുവിളിച്ച ആയങ്കി ഒടുവിൽ പിടിയിൽ. വെല്ലുവിളിയിൽ കേരള പൊലീസ് ഒടുവിൽ ജയിച്ചു. ഇയാളെ പിടികൂടിയത് കൂട്ടായ പരിശ്രമത്തിലൂടെയാണെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി പറഞ്ഞു. ഒളിവിൽ കഴിയവെ പൊലീസിനെ പരസ്യമായി വെല്ലുവിളിച്ചും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ച ആയങ്കിയുടെ നീക്കങ്ങൾ പൊലീസിന് വലിയ അഭിമാന പ്രശ്നമായി മാറിയിരുന്നു. തുടർന്നാണ് കർശന നടപടികളിലേക്ക് കടക്കാൻ ആഭ്യന്തര മന്ത്രാലയം പൊലീസിന് നിർദേശം നൽകിയത്.

അർജുൻ ആയങ്കിക്ക് സ്വാധീനമുള്ള ജില്ലകളിൽ വ്യാപകമായ തിരച്ചിലാണ് പൊലീസ് നടത്തിയത്. തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളിൽ പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചതിന് പുറമെ കണ്ണൂർ ജില്ലയെ മൂന്ന് സബ് ഡിവിഷനുകളായി തിരിച്ച് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചു. കണ്ണൂർ എ.ആർ. ക്യാമ്പിൽ നിന്ന് നൂറോളം പൊലീസുകാരെയാണ് അന്വേഷണത്തിനായി മാത്രം നിയോഗിച്ചത്. കണ്ണൂർ എസിപി, കൂത്തുപറമ്പ് എസിപി, തലശ്ശേരി എഎസ്പി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ ഏകോപിപ്പിച്ചത്. ഇതുകൂടാതെ മാങ്ങാട്ടുപറമ്പ്, കെഎപി ക്യാമ്പുകളിൽ നിന്നുള്ള പൊലീസുകാരെ ഉൾപ്പെടുത്തി കണ്ണൂർ റൂറൽ പരിധിയിലും ശക്തമായ തിരച്ചിൽ നടന്നു.

Advertising
Advertising

ആയങ്കിയുടെ സുഹൃത്തുക്കളെയും സിപിഎം ബന്ധമുള്ള വ്യക്തികളെയും ക്രിമിനൽ പശ്ചാത്തലമുള്ളവരെയും കേന്ദ്രീകരിച്ചായിരുന്നു പ്രാഥമിക അന്വേഷണം. ഇവരെ മണിക്കൂറുകളോളം സ്റ്റേഷനിൽ ചോദ്യം ചെയ്ത് പൊലീസിന് ശക്തമായ സമ്മർദ്ദം ചെലുത്താൻ സാധിച്ചു. സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും പ്രതി സുപ്രീംകോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുമാണ് അന്വേഷണം വേഗത്തിലാക്കാൻ പൊലീസിനെ പ്രേരിപ്പിച്ചത്.

ഒളിവിലിരുന്നുകൊണ്ട് പൊലീസിന്റെ നീക്കങ്ങളെ പരിഹസിച്ചും വിമർശിച്ചും പോസ്റ്റുകൾ പങ്കുവെക്കുന്നത് അർജുൻ ആയങ്കി തുടർന്നതോടെ അന്വേഷണ സംഘം വാശിയോടെ നീങ്ങുകയായിരുന്നു. ഒടുവിൽ ദിവസങ്ങൾ നീണ്ട നാടകീയ രംഗങ്ങൾക്കും വിപുലമായ തിരച്ചിലിനുമൊടുവിൽ പൊലീസിന്റെ വലയിലാവുകയായിരുന്നു.

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News