അട്ടപ്പാടി മധു വധക്കേസ്: പ്രതികൾ 13 സാക്ഷികളെ വിളിച്ചതിന്‍റെ തെളിവുകള്‍ പുറത്ത്

പ്രതികളുമായി അടുപ്പം പുലർത്തിയ 8 പേർ ഇതുവരെ കൂറുമാറി

Update: 2022-08-11 03:12 GMT

അട്ടപ്പാടി മധു വധക്കേസിൽ പ്രതികൾ സാക്ഷികളെ വിളിച്ചതിന്റെ തെളിവുകൾ പുറത്ത്. 11 പ്രതികൾ 13 സാക്ഷികളെയാണ് ഫോണിൽ വിളിച്ചത്. പ്രതികളായ മരയ്ക്കാർ, ഷംസുദീൻ, നജീബ്, സജീവ് തുടങ്ങിയവരാണ് കൂടുതല്‍ തവണ സാക്ഷികളുമായി ബന്ധപ്പെട്ടത്. പ്രതികളുമായി അടുപ്പം പുലർത്തിയ 8 പേർ ഇതുവരെ കൂറുമാറി.

പ്രതികള്‍ക്ക് കോടതി 2018ല്‍ ജാമ്യം നല്‍കിയത് സാക്ഷികളെ കാണുകയോ വിളിക്കുകയോ ചെയ്യരുതെന്ന വ്യവസ്ഥയോടെയാണ്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് ജാമ്യം റദ്ദാക്കാവുന്ന കുറ്റമാണ്. പ്രതികളെ സ്വാധീനിക്കുന്നതിനും കേസ് അട്ടിമറിക്കുന്നതിനുമായി പ്രതികൾ ശ്രമിക്കുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രതികള്‍ സാക്ഷികളുമായി ബന്ധപ്പെട്ടതിന്‍റെ ഫോണ്‍ രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം ഈ മാസം 16ന് കോടതി പരിഗണിക്കും.

Advertising
Advertising

അതിനിടെ മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഒരാളെ അറസ്റ്റ് ചെയ്തു. പ്രതികളുടെ സുഹൃത്ത് ഷിഫാൻ ആണ് അറസ്റ്റിലായത്. അഗളി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ കണക്കിൽ പെടാത്ത 36 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. മധു കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ കൊണ്ടുവന്ന പണമാണോ ഇതെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി പരിഗണിച്ച ശേഷം മാത്രമെ സാക്ഷിവിസ്താരം നടത്താവൂ എന്ന പ്രോസിക്യൂഷൻ ആവശ്യം മണ്ണാർക്കാട് എസ്.സി എസ്.ടി കോടതി അംഗീകരിച്ചു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News