ഡിജിറ്റൽ മീഡിയ ചുമതലയിൽ നിന്ന് ബൽറാമിനെ മാറ്റിയിട്ടില്ല: സണ്ണി ജോസഫ്

വിവാദ പോസ്റ്റ് ബൽറാം തയ്യാറാക്കിയതാണെന്നത് തെറ്റായ പ്രചാരണമാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു

Update: 2025-09-08 05:43 GMT

തിരുവനന്തപുരം: കെപിസിസി ഡിജിറ്റൽ മീഡിയ വിഭാഗത്തിന്റെ ചുമതലയിൽ നിന്ന് വി.ടി ബൽറാമിനെ മാറ്റിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ (DMC) ഭാഗമായി എക്‌സ് പ്ലാറ്റ്‌ഫോമിൽ പോസ്റ്റുകൾ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത് പാർട്ടി അനുഭാവികളായ ഒരു കൂട്ടം പ്രൊഫഷണലുകളാണ്. കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരണങ്ങൾ തയ്യാറാക്കുക എന്നതാണ് അവർക്ക് നൽകിയ ചുമതല. ദേശീയ വിഷയങ്ങളിൽ പോസ്റ്റുകൾ തയ്യാറാക്കുമ്പോൾ എഐസിസിയുടെ നിലപാടുകൾക്കും നിർദേശങ്ങൾക്കുമനുസരിച്ചാണ് അവർ പ്രവർത്തിക്കേണ്ടത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ബീഹാറുമായി ബന്ധപ്പെട്ട ഒരു വിവാദ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ ഡിഎംസിയുടെ ചുമതല വഹിക്കുന്ന കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാമും പാർട്ടി നേതൃത്വവും എക്‌സ് പ്ലാറ്റ്‌ഫോം ടീമിനോട് അതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കുകയും ആ പോസ്റ്റ് പാർട്ടി നിലപാടിന് വിരുദ്ധമായതിനാൽ ഉടൻ തന്നെ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച് പോസ്റ്റ് നീക്കം ചെയ്യുകയുമാണ് ഉണ്ടായത്.

Advertising
Advertising

ചില മാധ്യമങ്ങൾ വി ടി ബൽറാമാണ് ഇത്തരത്തിലൊരു ട്വീറ്റ് ചെയ്തതെന്ന രീതിയിൽ ദുർവ്യാഖ്യാനം ചെയ്യുന്നത് ദൗർഭാഗ്യകരമാണ്. വി.ടി ബൽറാമിനെപ്പോലൊരാളെ വിവാദത്തിലാക്കാനും തേജോവധം ചെയ്യാനുമുള്ള ഒരവസരമാക്കി മന്ത്രിമാരടക്കമുള്ള സിപിഎം നേതാക്കളും ചില മാധ്യമങ്ങളും ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്യുകയാണ്. വിവാദമായ എക്‌സ് പോസ്റ്റിന്റെ പശ്ചാത്തലത്തിൽ വി.ടി ബൽറാം രാജിവെക്കുകയോ പാർട്ടി അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. കെപിസിസി വൈസ് പ്രസിഡന്റായ ബൽറാം അധികചുമതലയായി വഹിക്കുന്ന ഡിഎംസി ചെയർമാൻ പദവിയിൽ ഇപ്പോഴും തുടരുകയാണ്. എന്നാൽ അദ്ദേഹത്തിന്റെ കൂടി അഭിപ്രായം അനുസരിച്ച് വരുന്ന പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ സാമൂഹ്യ മാധ്യമ വിഭാഗം പുനഃസംഘടിപ്പിക്കാനുള്ള നടപടികൾ അജണ്ടയിലുണ്ട്.

ബിഹാറിൽ ജനാധിപത്യ അട്ടിമറിക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന വലിയ പോരാട്ടത്തിന് ഒരു വാക്കുകൊണ്ട് പോലും പിന്തുണയറിയിക്കാത്ത കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ബിജെപി സൃഷ്ടിക്കുന്ന വിവാദങ്ങളുടെ പ്രചാരകരാവുന്നത് അപഹാസ്യമാണ്. കോൺഗ്രസിലെ ജനപിന്തുണയുള്ള നേതാക്കളെ നിരന്തരം വിവാദങ്ങളിൽപ്പെടുത്തി ആക്രമിക്കാനുള്ള സിപിഎമ്മിന്റെയും വാടക മാധ്യമങ്ങളുടെയും കുത്സിത നീക്കങ്ങൾ തികഞ്ഞ അവജ്ഞയോടെ കെപിസിസി തള്ളിക്കളയുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News