ശിരോവസ്ത്ര വിലക്ക്; പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ വിദ്വേഷ പ്രചാരണം നടത്തിയെന്ന് പരാതി

ജോഷിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പിടിഎ ഭാരവാഹി ജമീർ പള്ളുരുത്തിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്

Update: 2025-10-18 09:52 GMT

Photo|Special Arrangement

മലപ്പുറം: ശിരോവസ്ത്രം നിരോധിച്ച പള്ളുരുത്തി സെന്റ് റീത്ത സ്‌കൂൾ പിടിഎ പ്രസിഡണ്ട് വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് കൈമാറി. ശിരോവസ്ത്ര വിലക്ക് വിവാദമായപ്പോൾ പിടിഎ പ്രസിഡണ്ട് ജോഷി കൈതവളപ്പിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്നാണ് ആരോപണം.

ജോഷിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പിടിഎ ഭാരവാഹി ജമീർ പള്ളുരുത്തിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. കാസ അടക്കമുള്ള തീവ്ര ക്രൈസ്തവ സംഘടനകളുടെ വിദ്വേഷം നിറഞ്ഞ പോസ്റ്റുകൾ ജോഷി പ്രചരിപ്പിച്ചിരുന്നു. പരാതിയിൽ തുടർനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പള്ളുരുത്തി പൊലീസിന് നിർദേശം നൽകി.

അതേസമയം, കുട്ടിക്ക് താത്പര്യമുള്ള സ്‌കൂളിൽ പഠന സൗകര്യം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംഭവത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. ഇടതുപക്ഷം ഭരിക്കുമ്പോഴാണ് ശിരോവസ്ത്രത്തിന്റെ പേരിൽ വിദ്യാർഥിക്ക് പഠനം നിർത്തേണ്ടി വന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

ഹിജാബ് ധരിച്ച് പഠനം അനുവദിക്കാൻ നിർദേശിച്ച സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ഹൈക്കോടതി കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News