പട്ടാപ്പകൽ ബാങ്ക് കവർച്ച: 'പ്രതി കാട്ടിൽ എവിടെങ്കിലും ഒളിച്ചിരിപ്പുണ്ടാകും'; കുടുംബ യോഗത്തിൽ പ്രതിയെ കുറിച്ച് റിന്റോ പറഞ്ഞതിങ്ങനെ
പ്രതി റിന്റോയെ കുടുക്കിയത് നാട്ടുകാരുടെ മൊഴിയും മുറ്റത്തിരുന്ന ഷൂസും
തൃശൂർ: ചാലക്കുടി ബാങ്ക് കവർച്ചാ കേസിൽ പ്രതി റിജോ ആന്റണി പിടിയിലാവുന്നത് പൊലീസിൻറെ നിർണായക നീക്കത്തിലൂടെ. പ്രദേശവാസിയായ സ്ത്രീയുടെ മൊഴിയും, മാറ്റാതിരുന്ന ഷൂവുമാണ് ആരും സംശയിക്കില്ലെന്നും, പിടിക്കപ്പെടില്ലെന്നുമുള്ള ആത്മവിശ്വാസത്തിൽ കഴിഞ്ഞ പ്രതിക്ക് വലയൊരുക്കിയത്.
ബാങ്ക് കവർച്ചക്കുള്ള പഴുതടച്ച ആസൂത്രവും തയ്യാറെടുപ്പുകളും പ്രതി ഒരാഴ്ച മുൻപേ തുടങ്ങി. കവർച്ചക്കുള്ള ആദ്യശ്രമം നാല് ദിവസംമുൻപ് നടത്തി. എന്നാൽ, ബാങ്കിന് മുന്നിലൂടെ പൊലീസ് വാഹനം പോകുന്നതുകണ്ട് അവസാന നിമിഷം ശ്രമം ഉപേക്ഷിച്ചു. തൊട്ടടുത്ത ദിവസം കാലാവധി കഴിഞ്ഞ എടിഎം കാർഡുമായി ബാങ്കിലെത്തി. പ്ലാൻ റീവർക്ക് ചെയ്തു. ബുധനാഴ്ച ചാലക്കുടി സെൻറ് മേരീസ് ഫൊറോന പള്ളിയിലെ അമ്പു തിരുനാളിനിടെയാണ് സ്വന്തം സ്കൂട്ടറിൽ കവർച്ചക്ക് പോകാൻ മറ്റൊരു നമ്പർ പ്ലേറ്റ് മോഷ്ടിച്ചത്. സ്കൂട്ടറിൽ റിയർവ്യൂ മിറർ ഇല്ലാതെ മോഷണത്തിന് എത്തി. തിരക്കൊഴിഞ്ഞ സമയമെന്ന നിലയിലാണ് വെള്ളിയാഴ്ച തന്നെ മോഷണത്തിന് തെരഞ്ഞെടുത്തത്. രണ്ടിനും രണ്ടരയ്ക്കും ഇടയിലുള്ള ജീവനക്കാരുടെ ഉച്ചഭക്ഷണ സമയവും നേരത്തെ മനസ്സിലാക്കി. 2.12ന് ബാങ്കിനുള്ളിൽ കയറി. വെറും മൂന്നുമിനിറ്റിനുള്ളിലാണ് പണം കൊള്ളയടിച്ച് കടന്നത്.
നേരെ പോയത് എറണാകുളം ഭാഗത്തേക്ക്. തിരികെ ഈടുവഴികളിലൂടെ തൃശ്ശൂർ ഭാഗത്തേക്ക് നീങ്ങി നാടുകുന്ന് ബസ്റ്റോപ്പിൽ എത്തി. ജാക്കറ്റ് ഊരി മാറ്റി, സ്കൂട്ടറിൽ കണ്ണാടി ഘടിപ്പിച്ചു. അവിടെനിന്ന് നേരെ വീട്ടിലേക്ക് പോകാതെ ചെറുകുന്ന് ക്രഷർ വഴി വാഴക്കുന്ന്, കാണിപ്പാറ, എന്നീ സ്ഥലങ്ങൾ കറങ്ങി പഞ്ചായത്ത് കുളത്തിന് സമീപത്തു കൂടിയാണ് വീട്ടിലേക്ക് എത്തിയത്.
ബാങ്കിൽ നിന്നും വീട്ടിലെത്താൻ പ്രതിക്ക് വേണ്ടത് 15 മിനിറ്റോളം സമയം. പക്ഷേ, നാടുമുഴുവൻ കറങ്ങി പ്രതിയെത്തിയത് ഒരു മണിക്കൂറിനുള്ളിൽ. കവർച്ചയെക്കുറിച്ച് അയൽക്കാർ ചർച്ച ചെയ്യുമ്പോൾ റിന്റോ ആൻറണി സജീവമായി പങ്കെടുത്തു. അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകുമെന്നാണ് കുടുംബ യോഗത്തിലെ ചർച്ചയിൽ റിന്റോ പറഞ്ഞത്.
തുമ്പുകളൊന്നും അവശേഷിപ്പിക്കാതിരുന്ന കവർച്ചയിൽ പ്രതിക്ക് തിരിച്ചടിയായത് മാറാതിരുന്ന ഷൂവാണ്. സിസിടിവിയിൽ കണ്ടതിന് രൂപസാദൃശ്യമുള്ള ഒരാൾ ഇവിടെ താമസമുണ്ടെന്ന നാട്ടുകാരുടെ മൊഴിയും അന്വേഷണസംഘത്തെ അതിവേഗം റിന്റോ ആൻറണിയിലേക്കെത്തിച്ചു.
Watch Video Report :