'ഭാരതാംബയുടെ ചിത്രം നോക്കി, ആരാണ് ഈ സ്ത്രീ എന്നാണ് ചിലരുടെ ചോദ്യം'; സാംസ്കാരിക അധഃപതനമെന്ന് ഗവര്‍ണര്‍
ഭാരതാംബയ്ക്ക് അയിത്തം കൽപ്പിക്കുന്നത് വിദ്യാഭ്യാസ സംവിധാനത്തിൻ്റെ മൂല്യശോഷണം കൊണ്ടാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
തിരുവനന്തപുരം: ഭാരതാംബ ചിത്രത്തിന്‍റെ പേരിൽ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നതിനെ വിമർശിച്ച് ഗവർണർ. ഭാരതാംബയ്ക്ക് അയിത്തം കൽപ്പിക്കുന്നത് വിദ്യാഭ്യാസ സംവിധാനത്തിൻ്റെ മൂല്യശോഷണം കൊണ്ടാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കൊച്ചിയിൽ പറഞ്ഞു. ഭാരതാംബയുടെ ചിത്രം നോക്കി ആരാണ് ഈ സ്ത്രീയെന്നാണ് പലരും ചോദിച്ചതെന്നും ഇത് സാംസ്കാരിക അധഃപതനമാണെന്നും ഗവർണർ വിമർശിച്ചു.
ഭാരതാംബയുടെ ചിത്രം വെച്ച് ഹൈക്കോടതി ഓഡിറ്റോറിയത്തിൽ ഭാരതീയ അഭിഭാഷക പരിഷത്ത് നടത്തിയ പരിപാടിയിലാണ് ഗവർണറുടെ വിമർശനം. ഭാരത മാതാവിനെ ആഘോഷിക്കുന്നില്ലെങ്കിൽ മറ്റെന്താണ് ആഘോഷിക്കേണ്ടത് എന്നും ഗവർണർ ചോദിച്ചു.
ഗവർണർ പങ്കെടുത്ത പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചത് വിവാദമായിരുന്നു. ഭരണഘടനയോടും മതേതരത്വത്തോടുമുള്ള വെല്ലുവിളിയാണ് സംഭവമെന്ന് ഡിവൈഎഫ്‌ഐ ഹൈക്കോടതി അഭിഭാഷക യൂനിറ്റ് പറഞ്ഞു. സംഭവത്തിൽ ചീഫ് ജസ്റ്റിസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു. ദേശീയ നിയമദിനത്തോടനുബന്ധിച്ചാണ് ഭാരതീയ അഭിഭാഷക പരിഷത്ത് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു ഗവർണർ.ചൊവ്വാഴ്ച വൈകിട്ടാണ് അഭിഭാഷക പരിഷത്തിൻ്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്. സ്റ്റേജിൻ്റെ ഒരുവശത്താണ് ഫോട്ടോ സ്ഥാപിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു എന്നു പറഞ്ഞ് തെരഞ്ഞെടുപ്പ് കമീഷനും ഡിവൈഎഫ്ഐ പരാതി നൽകിയിട്ടുണ്ട്.