പിഎം ശ്രീ; ബിനോയ് വിശ്വം മുഖ്യമന്ത്രിയെ നിലപാട് അറിയിച്ചതായി ഡി.രാജ
മന്ത്രിസഭയിൽ നിന്ന് വിട്ടുനിൽക്കുന്ന കാര്യം പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും ഡി.രാജ പറഞ്ഞു
ഡൽഹി: പിഎം ശ്രീയിൽ ബിനോയ് വിശ്വം മുഖ്യമന്ത്രിയെ നിലപാട് അറിയിച്ചതായി സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ. ധാരണ പത്രം പിൻവലിക്കണം എന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും ഡി.രാജ പറഞ്ഞു.
സിപിഐ നിലപാടിൽ മാറ്റമില്ല. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്തു. പിഎം ശ്രീ എൻഇപിയുടെ ഭാഗം, ഇത് അംഗീകരിക്കാനാകില്ല എന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനിച്ചു. സർക്കാർ ധാരണ പത്രം പിൻവലിക്കാൻ തയ്യാറാകണം. പുത്തൻ വിദ്യാഭ്യാസ നയത്തിന് സിപിഐ എതിരാണ്. ഇന്ത്യൻ വിദ്യാഭ്യാസ സംമ്പ്രദായത്തെ സ്വകാര്യ വത്കരിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. വിദ്യാഭ്യാസത്തിനുമേലുള്ള അധികാരം പൂർണമായും കേന്ദ്ര സർക്കാരിൻ്റെ കീഴിൽ കൊണ്ടുവരാനാണ് എൻഇപിയിലൂടെ ലക്ഷ്യം വെക്കുന്നത്. മന്ത്രിസഭയിൽ നിന്ന് വിട്ട് നിൽക്കുന്ന കാര്യം പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും ഡി.രാജ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേ സമയം പിഎം ശ്രീയിൽ സിപിഐയെ അനുനയിപ്പിക്കാനുള്ള സർക്കാർ ശ്രമം പാളി. CPI മന്ത്രിമാർ കാബിനറ്റ് യോഗത്തിൽ നിന്ന് വിട്ട് നിൽക്കും. മറ്റന്നാൾ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ല. ആലപ്പുഴയിൽ നടന്ന കൂടിക്കാഴ്ചയിൽ സമവായത്തിൽ എത്താത്തതിനെ തുടർന്നാണ് തീരുമാനം. തങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടില്ലെന്ന് ചർച്ചയ്ക്ക് ശേഷം ബിനോയ് വിശ്വം പ്രതികരിച്ചു. തീരുമാനങ്ങൾ യഥാസമയം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തോട് ബിനോയ് വിശ്വം പ്രതികരിച്ചില്ല.
മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ രണ്ടുദിവസം മുൻപ് ചേർന്ന യോഗത്തിൽ തന്നെ തീരുമാനമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന സന്ദർഭത്തിലാണ് എൽഡിഎഫ് മുന്നണിയിലെ ഏറ്റവും പ്രധാനപ്പെട്ട കക്ഷിയായ സിപിഐ നിർണായകമായ തീരുമാനം എടുത്തിരിക്കുന്നത്.